Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനും സുഹൃത്തുമായ സുകാന്തിനെതിരേ കേസെടുത്തു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം പേട്ട പൊലീസ് സുകാന്തിനെതിരേ കേസെടുത്തത്. ഉദ്യോഗസ്ഥയുടെ മരണത്തിന് പിന്നാലെ ഒളിവില്‍പോയ സുകാന്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഐ.ബി. ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍, യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവര്‍ത്തകനായ സുകാന്തിനെതിരേ കുടുംബം പരാതി നല്‍കിയിരുന്നു.
യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിൻ്റെയും തെളിവുകള്‍ കൈമാറി. കഴിഞ്ഞദിവസം പേട്ട പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകള്‍ കൈമാറിയത്. ഇതിനുപിന്നാലെ പൊലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരെ കേസെടുക്കുകയായിരുന്നു.
മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണം ചെയ്തതായും യുവതിയെ പരിക്കേല്പിച്ചതായും പൊലീസ് കണ്ടെത്തി.
യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവില്‍പോയിരിക്കുകയാണ്. നേരത്തേ ഇയാളുടെ മലപ്പുറം എടപ്പാളിലെ വീട്ടില്‍ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയെങ്കിലും വീട് അടച്ചിട്ടനിലയിലായിരുന്നു.