29 C
Trivandrum
Friday, April 25, 2025

നടിയെ ആക്രമിച്ച കേസ്: ദിലീപ് ആസൂത്രണം ചെയ്തെന്ന് മുഖ്യപ്രതിയുടെ വെളിപ്പെടുത്തൽ

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപാണെന്ന് കേസിലെ മുഖ്യപ്രതി പൾസർ സുനി. 1.5 കോടി രൂപയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നുമുള്ള സുനിയുടെ വെളിപ്പെടുത്തൽ വാർത്താചാനൽ പുറത്തുവിട്ടു. കേസിൽ വാദം അവസാനഘട്ടത്തിൽ എത്തിനിൽക്കെയാണ് ഒളികാമറയിലൂടെ ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ പുറത്തുവന്നത്.

ആക്രമിച്ച് ദൃശ്യങ്ങൾ പകർത്താൻ ദിലീപ് നിർദേശിച്ചു. താൻ എന്താണ് ചെയ്യാൻപോകുന്നതെന്ന് അതിജീവിതയോട് പറഞ്ഞിരുന്നു. അക്രമം ഒഴിവാക്കാൻ പണം തരാമെന്ന് അവർ പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽപ്പോകാതെ രക്ഷപ്പെടുമായിരുന്നെന്നും സുനി വെളിപ്പെടുത്തി.

ദിലീപിൻ്റെ കുടുംബം തകർത്തതാണ് വൈരാഗ്യത്തിനു കാരണം. അക്രമം നടക്കുമ്പോൾ താൻ ദിലീപിൻ്റെ നിരീക്ഷണത്തിലായിരുന്നു. എല്ലാം തത്സമയം വേറെ ചിലർ അറിയുന്നുണ്ടായിരുന്നു. കേസിൽ പ്രധാന തെളിവായ പീഡനദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത് കുരുക്കായി.

വേറെയും നടിമാരെ ആക്രമിച്ചതായും പൾസർ സുനി വെളിപ്പെടുത്തി. ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ‘എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷെ ആരും ഒന്നും പുറത്തു പറയില്ല’-പള്‍സര്‍ സുനി പറഞ്ഞു.

കേസിൽ നിർണായകമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കൈവശമുണ്ടെന്ന സൂചനയും സുനി നൽകിയിട്ടുണ്ട്. ആ ഫോൺ എവിടെയാണെന്ന് ഇയാൾ വെളിപ്പെടുത്തിയില്ല.

ജയിലില്‍ കഴിയുമ്പോള്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായുള്ള നിര്‍ണായക വിവരവും പള്‍സര്‍ സുനി പങ്കുവെച്ചു. തന്നെ അടിച്ചു നശിപ്പിച്ചുവെന്നും ഇയാള്‍ പറഞ്ഞു. ഇതിന് ശേഷമാണ് ദിലീപിന് കത്തയച്ചതെന്നും അതോടുകൂടിയാണ് കൊലപാതക ശ്രമം അവസാനിച്ചതെന്നും സുനി പറഞ്ഞു. ഈ നിമിഷം വരെ താന്‍ ദിലീപിനെ സംരക്ഷിച്ചെന്നും വിശ്വാസ്യത നിലനിര്‍ത്തിയെന്നും പള്‍സര്‍ സുനി പറയുന്നു.

ദിലീപ് ചതിച്ചിട്ടും ദിലീപിനെ സംരക്ഷിച്ചെന്നും ഇതുവരെ ഒരു കാര്യവും പുറത്ത് പറഞ്ഞിട്ടില്ലെന്നും സുനി പറഞ്ഞു. താന്‍ പുറത്ത് പറഞ്ഞാല്‍ വേറെ ആളുകള്‍ക്ക് ഉത്തരം പറയേണ്ടിവരുമെന്നുമുള്ള മുന്നറിയിപ്പും ഇയാൾ നല്‍കുന്നുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks