29 C
Trivandrum
Friday, April 25, 2025

ആശ വിഷയത്തിൽ സർക്കാർ നിർദ്ദേശം അംഗീകരിച്ച് തൊഴിലാളി സംഘടനകൾ; ചർച്ച തുടരും

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഒരു വിഭാഗം ആശമാർ നടത്തുന്ന സമരം തീർക്കാൻ മന്ത്രി തലത്തിൽ നടത്തിയ ചർച്ചയിൽ സർക്കാർ നിർദ്ദേശം അംഗീകരിച്ച് പ്രധാന തൊഴിലാളി സംഘടനകൾ. സംസ്ഥാനത്തെ ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റി രൂപവത്കരിക്കാനാണ് സർക്കാർ നിർദ്ദേശിച്ചത്.. ആരോഗ്യ, തൊഴിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്നതാകും കമ്മറ്റിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.

സർക്കാർ തീരുമാനത്തെ ഭരണ, പ്രതിപക്ഷ തൊഴിലാളി സംഘടനകൾ സ്വാഗതം ചെയ്തു. ചർച്ചയിൽ പങ്കെടുത്ത സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി., എ.ഐ.ടി.യു.സി., എസ്.ടി.യു., ബി.എം.എസ്. എന്നീ സംഘടനകൾ സർക്കാർ നിർദ്ദേശത്തെ പരസ്യമായി സ്വാഗതം ചെയ്തു. എസ്.യു.സി.ഐ. സമരസമിതി ആലോചനയ്ക്ക് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ചർച്ച നാളെയും തുടരും.

ചർച്ചയിൽ ആശമാരുടെ വിവിധ വിഷയങ്ങൾ ചർച്ചയായതായും ധനമന്ത്രി കെ.എൻ.ബാലഗോപാലും ഓൺലൈൻ ആയി പങ്കെടുത്തതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓണറേറിയത്തിൻ്റെ 10 മാനദണ്ഡങ്ങൾ സർക്കാർ മാറ്റി. സർവേയുമായി ബന്ധപ്പെട്ട ഒ.ടി.പി. വരുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രത്തിൻ്റെ മാനദണ്ഡങ്ങളാണ് സംസ്ഥാന മാനദണ്ഡങ്ങളിലും ഉള്ളത്. കേന്ദ്ര സർക്കാരിനോട് ഇൻസെൻ്റീവ് ഉയർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. 62 വയസെന്ന വിരമിക്കൽ പ്രായപരിധി മാനദണ്ഡമാക്കി പ്രവർത്തനത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ വകുപ്പിന് ചെയ്യാൻ കഴിയുന്ന എല്ലാകാര്യവും ചെയ്യുന്നുണ്ട്. ഒരുമാസം 50 വീടുകളിലാണ് ആശമാർ പോകേണ്ടത്. അതിൽ കൂടുതൽ കയറേണ്ട സാഹചര്യം ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങളെല്ലാം മുൻനിർത്തി ഒരു കമ്മിറ്റിയെ നിയമിക്കാൻ തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിലെ ഉയർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ, തൊഴിൽ വകുപ്പുകളുടെ ഉദ്യോഗസ്ഥർ എന്നിവർ കമ്മിറ്റിയിൽ ഉണ്ടാകും. വിവിധ വിഷയങ്ങളിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. 3 മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശം സംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ഉൾക്കൊണ്ടുകൊണ്ട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ചതായും മന്ത്രി പറഞ്ഞു. നിർദ്ദേശം എല്ലാ പ്രധാന ട്രേഡ് യൂണിയനങ്ങളും അംഗീകരിച്ചതായും മന്ത്രി വ്യക്തമാക്കി.

ആശമാരുടെ സമരം പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്ന് ഐ.എൻ.ടി.യു.സി. നേതാവ് ചന്ദ്രശേഖരൻ പ്രതികരിച്ചു. സർക്കാർ നിർദ്ദേശിച്ച കമ്മിറ്റി വേണ്ടെന്നാണ് സമരക്കാർ പറയുന്നത്. എന്നാൽ, ആശാവഹമായ തീരുമാനമാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഐ.എൻ.ടി.യു.സി. ഈ നിർദ്ദേശത്തെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, എസ്.യു.സി.ഐ. നേതൃത്വം വിട്ട് വീഴ്ചക്ക് തയ്യാറായിട്ടില്ല. പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന സർക്കാർ നിർദേശം ഇവർ അംഗീകരിച്ചില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സർക്കാർ നിർദ്ദേശം അംഗീകരിച്ചതോടെ എസ്.യു.സി.ഐ. നേതൃത്വം ഒറ്റപ്പെടുകയാണുണ്ടായത്.

Recent Articles

Related Articles

Special

Enable Notifications OK No thanks