Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: സി.പി.എം. നേതാവ് പി.കെ.ശ്രീമതിയോടു മാപ്പു പറഞ്ഞത് തന്‍റെ ഔദാര്യമാണെന്ന് ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ വാദം പച്ചക്കള്ളം. കൊച്ചി∙ ഇരുനേതാക്കളും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് രേഖ പുറത്തു വന്നതോടെയാണ് കള്ളി പൊളിഞ്ഞത്.
ഖേദം പ്രകടിപ്പിക്കാൻ ഗോപാലകൃഷ്ണൻ സന്നദ്ധത അറിയിച്ചെന്ന് ഒത്തുതീർപ്പ് രേഖയിൽ വ്യക്തമായി പറയുന്നു. ‘രണ്ടാം എതിർകക്ഷിയായ പി.കെ.ശ്രീമതിയുടെ മകനെതിരെ ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഇന്നു തന്നെ മാധ്യമങ്ങൾക്കു മുന്നിൽ ഖേദം പ്രകടിപ്പിക്കാമെന്ന് ഹർജിക്കാരൻ സമ്മതിച്ചു’ എന്നാണ് ഒന്നാം വ്യവസ്ഥയായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നാം വ്യവസ്ഥ പ്രകാരം ഖേദപ്രകടനം നടത്തുന്നപക്ഷം കണ്ണൂരിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -ഒന്നിലെ കേസ് രാജിയാകാൻ രണ്ടാം എതിർകക്ഷി സമ്മതിക്കും എന്നാണ് രണ്ടാം വ്യവസ്ഥ. ഇതു സംബന്ധിച്ച് ശ്രീമതി ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും എന്നും ഒത്തുതീർപ്പ് രേഖയിൽ എഴുതിയിട്ടുണ്ട്.
ഗോപാലകൃഷ്ണന്‍റെ വാദത്തോടും ഫേസ്ബുക്ക് പോസ്റ്റിനോടും തൽക്കാലം മറുപടിയില്ലെന്ന് പി.കെ.ശ്രീമതി പറഞ്ഞു. ഗോപാലകൃഷ്ണന്‍റെ വാദങ്ങൾ തെറ്റാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അവർ വ്യക്തമാക്കി.
ശ്രീമതിയാണ് കോടതിയിൽ ഒത്തുതീർപ്പ് വ്യവസ്ഥ വച്ചത് എന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു. മാധ്യമങ്ങളെ അറിയിക്കണമെന്ന് പറഞ്ഞതും ശ്രീമതിയാണ്. ഇതൊന്നും അറിയാതെയാണ് സൈബർ ആക്രമണം തനിക്കെതിരെ നടന്നതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
അപകീർത്തി കേസിൽ വ്യാഴാഴ്ച ഹൈക്കോടതിയിൽ നേരിട്ടെത്തിയാണു ഗോപാലകൃഷ്ണൻ മാപ്പു പറഞ്ഞതും മുന്‍ മന്ത്രി കൂടിയായ ശ്രീമതി ഇത് സ്വീകരിച്ചതും. തനിക്കും കുടുംബത്തിനുമെതിരെ ചാനൽ ചർച്ചയിൽ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തിനെതിരെ ശ്രീമതി നൽകിയ പരാതിയിലായിരുന്നു കേസ്.
മാനനഷ്ടക്കേസിൽ ഗോപാലകൃഷ്ണൻ ഹൈക്കോടതിയിൽ എത്തി പരസ്യമായി ഖേദം പ്രകടിപ്പിച്ചതോടെ കേസ് ഒത്തുതീർപ്പാവുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് മുൻപാകെ എത്തിയ ഗോപാലകൃഷ്ണൻ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാൽ മാപ്പു പറച്ചിലിനെതിരെ സൈബർ ആക്രമണം രൂക്ഷമായതോടെ അദ്ദേഹം നിലപാട് മാറ്റി. മാറിയ സാഹചര്യത്തിൽ കേസ് ഒത്തുതീർപ്പായെന്ന സത്യവാങ്മൂലം ശ്രീമതി ഹൈക്കോടതിയിൽ ഫയൽ ചെയ്യുമോ എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.