29 C
Trivandrum
Friday, April 25, 2025

കുടിയേറ്റ ബില്ലിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കെ.രാധാകൃഷ്ണൻ

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡൽഹി: ഇമിഗ്രേഷൻ നിയമങ്ങളെ ഏകോപിപ്പിക്കുന്നതിൻ്റെ പേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഇമിഗ്രേഷൻ ആൻഡ് ഫോറീനേഴ്സ് ബിൽ 2025 അതിരുകടന്ന അധികാരങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിയൊരുക്കുമെന്ന് കെ.രാധാകൃഷ്ണൻ എം.പി. ലോക്സഭയിൽ ഈ ബില്ലിനുമേൽ നടന്ന ചർച്ചയിൽ പങ്കെടുത്താണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌‌.

ബില്ലിൻ്റെ ഏറ്റവും ഭയാനകമായ വശങ്ങളിൽ ഒന്ന് ഇമിഗ്രേഷൻ ഓഫീസർമാർക്ക് അനുവദിച്ചിരിക്കുന്ന അമിത അധികാരമാണ്. ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാൻ ബിൽ അനുവദിക്കുന്നത്‌ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യാൻ വേണ്ടിയുള്ളതാണ്. ഇത് ഏകപക്ഷീയമായ തടങ്കലിലേക്കും വിദേശ പൗരന്മാരെ ഉപദ്രവിക്കുന്നതിലേക്കും നയിക്കും. മാത്രമല്ല ഈ ബില്ല് പ്രത്യേകത സമുദായങ്ങളെ ഉന്നം വെച്ചിട്ടുള്ളതാണെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ദേശീയ സുരക്ഷയ്ക്ക് “ഭീഷണി” ആയി കണക്കാക്കിയാൽ വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഈ ബിൽ സർക്കാരിനെ അനുവദിക്കുന്നു. എന്നാൽ ആരാണ് ഈ ഭീഷണിയെ നിർവചിക്കുന്നത്, വ്യക്തമായ മാർഗനിർദ്ദേശം ഇല്ലാതെ അഭയാർഥികളെയും അല്ലെങ്കിൽ സർക്കാരിനെ വിമർശിക്കുന്ന വിദേശ പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ഉന്നം വെച്ച് ഈ നിയമം ഉപയോഗിക്കാം.

ടിബറ്റൻസ്, ശ്രീലങ്കൻ തമിഴർ, അഫ്ഗാനികൾ, ബംഗ്ലാദേശികൾ എന്നിങ്ങനെ ഇരകളാക്കപ്പെട്ട സമൂഹങ്ങൾക്ക് ഇന്ത്യ ചരിത്രപരമായി അഭയം നൽകിയിട്ടുണ്ട്. എന്നാൽ അഭയാർഥികളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഒന്നും ഈ ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.

പൗരത്വ ഭേദഗതി നിയമം ഈ സർക്കാർ എങ്ങനെയാണ് ഉപയോഗിച്ചതെന്ന് നാം കണ്ടിട്ടുണ്ട് അതുപോലെ തന്നെയാണ് ഈ ബില്ലും ഈ സർക്കാർ ഉപയോഗിക്കാൻ പോകുന്നതെന്നും, രാജ്യത്ത് കർശനവും ഏകപക്ഷീയ നിയമങ്ങൾ നടപ്പാക്കുകയാണെങ്കിൽ അത് ബാധിക്കുന്നത് മലയാളികൾ അടക്കം വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ആണെന്നും മറ്റു രാജ്യക്കാരും നമ്മുടെ ജനതയെ ഈ രീതിയിൽ ആയിരിക്കും ഇടപെടുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു.

അതുകൊണ്ട് ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുവാനും അവകാശങ്ങൾ സംരക്ഷിക്കാനും മാനുഷികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ദുരുപയോഗം തടയാനും ആവശ്യമായ മാറ്റങ്ങൾ ഈ ബില്ലിൽ കൊണ്ടുവരണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

Recent Articles

Related Articles

Special

Enable Notifications OK No thanks