Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്‌കീം തൊഴിലാളികൾക്ക് പൂര്‍ണതൊഴിലാളി പദവി നൽകണമെന്ന് തൊഴിൽ മന്ത്രി വി.ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. അങ്കണവാടി തൊഴിലാളികൾ, ആശമാർ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി മന്ത്രി ശിവൻകുട്ടി കേന്ദ്ര മന്ത്രിക്ക് കത്ത് അയച്ചു.
അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകുകയും തൊഴിൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്ന 1947ലെ വ്യാവസായിക തർക്ക നിയമം സെക്ഷൻ 2 പ്രകാരം “തൊഴിലാളി” എന്നതിൻ്റെ നിർവചനത്തിൽ സ്കീം തൊഴിലാളികളെ ഉൾപ്പെടുത്തുന്നതിനായി നിയമം വികസിപ്പിക്കണമെന്ന് മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ക്ഷേമത്തിന് സ്കീം തൊഴിലാളികൾ നൽകുന്ന സേവനങ്ങൾ അത്യന്താപേക്ഷിതമാണ്. ചരിത്രപരമായ അനീതി അവസാനിപ്പിക്കാനും നിയമപരമായ പരിരക്ഷകളും ആനുകൂല്യങ്ങളും ഉള്ള പൂര്‍ണ തൊഴിലാളികളായി അവരെ അംഗീകരിക്കാനുമുള്ള സമയമാണിതെന്നും മന്ത്രി കത്തിൽ അഭിപ്രായപ്പെട്ടു.
കത്തിലെ പ്രധാന ആവശ്യങ്ങൾ
- ഔപചാരിക അംഗീകാരം: സ്കീം തൊഴിലാളികളെ കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം “തൊഴിലാളികൾ” എന്ന് വ്യക്തമാക്കണം.
- ന്യായമായ വേതനവും സാമൂഹിക സുരക്ഷയും: അവർക്ക് മിനിമം വേതനം, പ്രൊവിഡൻ്റ് ഫണ്ട്, പെൻഷൻ, പ്രസവാനുകൂല്യങ്ങൾ, ഇ.പി.എഫ്. നിയമം, ഇ.എസ്.ഐ. നിയമം തുടങ്ങിയ നിയമങ്ങൾക്ക് കീഴിലുള്ള മറ്റ് അവകാശങ്ങൾ ലഭിക്കണം.
- റെഗുലറൈസേഷനും തൊഴിൽ സുരക്ഷയും: അവരുടെ ജോലിയുടെ സ്വഭാവം കണക്കിലെടുത്ത്, പൂർണ്ണ സേവന ആനുകൂല്യങ്ങളോടെ സ്ഥിര ജീവനക്കാരായി അവരെ ഉൾപ്പെടുത്തുന്നതിന് ഒരു ഘടനാപരമായ ചട്ടക്കൂട് വികസിപ്പിക്കണം.
- ത്രികക്ഷി കൂടിയാലോചനയും നയരൂപത്കരണവും: ഇതുമായി ബന്ധപ്പെട്ട് ഒരു നയം രൂപവത്കരിക്കുന്നതിന് കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാരുകൾ, തൊഴിലാളി സംഘടനകൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപവത്കരിക്കണം.
തൊഴിൽ അവകാശങ്ങളോടും സാമൂഹിക നീതിയോടുമുള്ള കേരളത്തിൻ്റെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, ദീർഘകാലമായി നിലനിൽക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ശിവൻകുട്ടി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി നടപ്പാക്കുന്നതിനായി ഒരു മാതൃകാ നയം വികസിപ്പിക്കുന്നതിന് കേന്ദ്രവുമായി സഹകരിക്കാനുള്ള കേരളത്തിൻ്റെ സന്നദ്ധതയും അദ്ദേഹം പ്രകടിപ്പിച്ചു.