29 C
Trivandrum
Sunday, April 20, 2025

ഉന്നതവിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തില്ലെങ്കിൽ പ്രബുദ്ധ കേരളമില്ലെന്ന് മന്ത്രി ബിന്ദു

Follow the FOURTH PILLAR LIVE channel on WhatsApp 

    • എ.കെ.ജി.സി.ടി. സംസ്ഥാന സമ്മേളനം തുടങ്ങി

കാസറഗോഡ്: ഉന്നത വിദ്യാഭ്യാസ രംഗത്ത് അമിതാധികാര കേന്ദ്രീകരണത്തിലൂടെ കാവിവത്കരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ ചെറുത്തില്ലെങ്കിൽ പ്രബുദ്ധ കേരളം എന്നത് നാളെ ഉണ്ടാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. എ.കെ.ജി.സി.ടി. 67ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

വര്‍ഗപരമായ സമരത്തിന് പകരം വര്‍ഗീയമായ ഹിംസയാണ് ആവശ്യം എന്ന ബോധ്യത്തിലേക്ക് സാധാരണ മനുഷ്യരെ കൊണ്ടുവരികയാണ് കേന്ദ്രം ചെയ്യുന്നത്. കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കഴിയാതിരുന്ന അജൻഡകളെ പരവതാനി വിരിച്ച് ചാന്‍സലര്‍ തന്നെ സ്വീകരിക്കുന്ന കാഴ്ച കഴിഞ്ഞ കാലങ്ങളില്‍ കണ്ടു. ഇതിനെതിരെ തിരുത്തല്‍ ശക്തികളാകാന്‍ കോളേജ് അധ്യാപകര്‍ക്ക് സാധിക്കണം.

രാജ്യത്തിൻ്റെ ഫെഡറല്‍ ആശയങ്ങളുടെ കടക്കല്‍ കത്തിവെച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയ രാഷ്ട്രീയത്തിൻ്റെ പ്രത്യയ ശാസ്ത്രങ്ങള്‍ വളര്‍ത്താന്‍ കഴിയുന്ന മണ്ണാക്കി ധൈഷണിക കേന്ദ്രങ്ങളെയും സര്‍വകലാശാലകളെയും കലാലയങ്ങളെയും മാറ്റാനുള്ള നീക്കത്തിൻ്റെ ഭാഗമാണിത്. അതിനെതിരെ പ്രതിഷേധിക്കാന്‍ വലിയ പരിച ഉയര്‍ത്തണം. അമിതാധികാര പ്രയോഗത്തിലൂടെ കാവിവൽക്കരണം നടത്താൻ ചാൻസലർ കൂടിയായ മുൻ ഗവർണറെ ഉപയോഗിച്ചു കൊണ്ട് കേന്ദ്ര സർക്കാർ നടത്തിയ നടപടികൾ ജാഗ്രതയോടെ മറികടക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി വിലയിരുത്തി.

യു.ജി.സിയുടെ കരട്‌ നടപ്പാക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ ശ്രമിക്കുന്നതിനെതിരെ രാജ്യത്തെ ബി.ജ.പി ഇതര പ്രതിപക്ഷ ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്താൻ നമുക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽഅടിസ്ഥാന സൗകര്യ വിപുലീകരണത്തോടൊപ്പം അക്കാദമിക നിലവാരമുയർത്തുന്നതിനും ശക്തമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞു. 4 വർഷ ബിരുദ പരിഷ്ക്കരണം പോലുള്ള നടപടികൾ ഭാവിതലമുറയെ പുതിയ കാലത്ത് ജീവിക്കുവാൻ പ്രാപ്തമാക്കുന്നതിന് വേണ്ടിയുള്ളതാണ്. ഗുണപരതയും തൊഴില്‍ സാധ്യതയും വര്‍ധിപ്പിച്ച് കാലാനുസൃതമാക്കുകയെന്നതാണ് നാം ഈ പരിഷ്‌ക്കരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എ.കെ.ജി.സി.ടി. സംസ്ഥാന പ്രസിഡൻ്റ് ഡോ.എൻ.മനോജ് അധ്യക്ഷനായി. സി.പി.എം. കാസറഗോഡ് ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എം.എൽ.എ., ഫെസ്‌റ്റോ സംസ്ഥാന ട്രഷറർ എം.ഷാജഹാൻ എന്നിവർ സംസാരിച്ചു. സംഘശബ്ദം എഡിറ്റര്‍ ഡോ.എം.എ.അസ്‌കര്‍ സാഹിത്യമത്സര വിജയികളെ പരിചയപ്പെടുത്തി. സംഘാടകസമിതി ചെയർമാൻ സി.എച്ച്‌.കുഞ്ഞമ്പു എം.എൽ.എ. സ്വാഗതവും എ.കെ.ജി.സി.ടി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ടി.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks