Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം : സി.പി.എമ്മിൻ്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ‘എ.കെ.ജി. സെൻ്റർ’ ഏപ്രിൽ 23ന് വൈകിട്ട് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാളയത്ത് ഇപ്പോൾ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി. പഠന ഗവേഷണ കേന്ദ്രത്തിന് സമീപം ഡോ.എൻ.എസ്.വാര്യർ റോഡിലാണ് 9 നിലകളും 2 സെല്ലാർ പാർക്കിങ്ങുമുള്ള പുതിയ മന്ദിരം.
സംസ്ഥാന കമ്മിറ്റി ഓഫീസ്, യോഗം ചേരാനും വാർത്താസമ്മേളനത്തിനുമുള്ള പ്രത്യേക ഹാളുകൾ, സെക്രട്ടേറിയറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടേറിയറ്റംഗങ്ങൾക്കും പി.ബി. അംഗങ്ങൾക്കുമുള്ള ഓഫീസ് സൗകര്യങ്ങൾ, അത്യാവശ്യത്തിന് താമസ സൗകര്യം എന്നിവയാണ് മന്ദിരത്തിലുള്ളത്.
നഗരസഭ, ഫയർ, മലിനീകരണ നിയന്ത്രണ ബോർഡ്, എയർപോർട്ട് അതോറിറ്റി, മൈനിങ് ആൻഡ് ജിയോളജി, ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങി നിയമപരമായ എല്ലാ അംഗീകാരങ്ങളും നേടിയാണ് നിർമാണം. വാസ്തുശിൽപി എൻ.മഹേഷ് ആണ് 60,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം രൂപകല്പന ചെയ്തത്.
അവസാനവട്ട ജോലികൾ പുരോഗമിക്കുകയാണ്. ഏറ്റവും മികച്ച ലൈബ്രറിയുള്ള എകെജി പഠന ഗവേഷണ കേന്ദ്രം പൂർണമായും ഗവേഷണ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.