29 C
Trivandrum
Friday, April 25, 2025

കൂളായി നടന്നുവരുന്ന ഉന്നതർ കോടതിയിൽ തളർന്നുവീഴുന്ന പരിപാടി നിർത്തണമെന്ന് ഹൈക്കോടതി

Follow the FOURTH PILLAR LIVE channel on WhatsApp 

കൊച്ചി: കോടതിയിലേക്ക് കൂളായി നടന്നുവരുന്ന ഉന്നതരായ പ്രതികൾ കോടതിയില്‍ എത്തുമ്പോള്‍ കുഴഞ്ഞു വീഴുന്ന പതിവ് പരിപാടി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. പകുതിവില തട്ടിപ്പുകേസിലെ പ്രതി സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍ ആനന്ദകുമാറിൻ്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ ‘കുഴഞ്ഞുവീഴുന്ന’ പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പറഞ്ഞു. പല കേസുകളും പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.

പകുതിവില തട്ടിപ്പുകേസിലെ രണ്ടാം പ്രതിയാണ് ആനന്ദകുമാര്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരാമര്‍ശം. സംസ്ഥാനത്തെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ടവർക്കും മറ്റു തടവുകാർക്കും നൽകുന്ന വൈദ്യസഹായങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു.

പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ആനന്ദകുമാറിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജാമ്യഹർജി പരിഗണിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്ന പ്രവണത നല്ലതല്ലെന്ന് കോടതി വിമർശിച്ചിരുന്നു. പിന്നാലെയാണ് ഇന്നും വിമർശനം തുടർന്നത്. ആനന്ദകുമാറിന് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയ കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ ജയിലിൽ അദ്ദേഹത്തെ നോക്കാൻ ഉദ്യോഗസ്ഥരില്ലേ എന്ന് കോടതി ആരാഞ്ഞു. തുടർന്നാണ് ആരോഗ്യപ്രശ്നത്തിൻ്റെ പേരിൽ ജാമ്യം തേടുന്നതിനെതിരെ വിമർശനം ഉയർത്തിയത്.

മെറിറ്റുണ്ടെങ്കിൽ ജാമ്യം അനുവദിക്കുന്നതിനു കുഴപ്പമില്ല. തടവുകാർക്ക് ആവശ്യമായ ചികിത്സ നൽകാനുള്ള സംവിധാനം ജയിലുകളിൽ ഉണ്ടല്ലോ. ആവശ്യമെങ്കിൽ അവരെ പുറത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ജയിൽ അധികൃതർക്ക് സാധിക്കും –കോടതി ചൂണ്ടിക്കാട്ടി. ജയിൽ എ.ഡി.ജി.പിയെ കേസിൽ കക്ഷി ചേര്‍ത്ത കോടതി, ജയിലിലെ ചികിത്സാ സംവിധാനങ്ങൾ സംബന്ധിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിൻ്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഒന്നാം പ്രതി അനന്തുകൃഷ്ണനാണു പകുതിവില തട്ടിപ്പിൻ്റെ മുഴുവൻ ഉത്തരവാദിത്തവുമെന്നാണ് ആനന്ദകുമാറിൻ്റെ ജാമ്യഹർജിയിൽ പറയുന്നത്. എന്നാൽ ആനന്ദകുമാർ ചെയർമാനായ കോൺഫെഡറേഷനാണ് ഈ പണം മുഴുവൻ സ്വീകരിച്ചിരിക്കുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. അപ്പോൾ തട്ടിപ്പിൻ്റെ ഉത്തരവാദിത്തത്തില്‍നിന്ന് എങ്ങനെയാണ് ആനന്ദകുമാറിന് ഒഴിഞ്ഞുമാറാനാവുന്നതെന്നും കോടതി ചോദിച്ചു. കേസിൽ ആനന്ദകുമാറിൻ്റെ പങ്കാളിത്തം സംബന്ധിച്ചുള്ള റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. കേസ് വീണ്ടും അടുത്ത വെള്ളിയാഴ്ച പരിഗണിക്കും.

Recent Articles

Related Articles

Special

Enable Notifications OK No thanks