Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനായി ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിന് 26,56,10,769 രൂപ നഷ്ടപരിഹാരം നൽകും. എസ്‌റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ടൗൺഷിപ്പ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്.
കല്പറ്റ വില്ലേജിൽ ബ്ലോക്ക് 19ൽ റീസർവേ നമ്പർ 88/158, 88/159, 88/62 88/66, 88/137 എന്നിവയിൽ ഉൾപ്പെട്ട ഭൂമിയാണ് ഇപ്പോൾ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് പണം അനുവദിക്കും.
പദ്ധതിനടത്തിപ്പിനായി രൂപവത്‌കരിച്ച പദ്ധതിനിർവഹണ യൂണിറ്റിൽ വിവിധ തസ്തികൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അക്കൗണ്ട്‌സ് ഓഫീസർ, സിവിൽ എൻജിനിയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ജീവനക്കാരുടെ നിയമനം നടത്താൻ ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസർക്ക് അനുമതിനൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്‌പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തും.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായധനം
ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടിമാത്രം 10 ലക്ഷം രൂപവീതം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പണം നൽകുന്നത്. വനിത-ശിശു വികസന വകുപ്പ് അനുവദിച്ച സഹായധനത്തിന് പുറമേയാണിത്.
തുക കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ കുട്ടിയുടെ രക്ഷാകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് കളക്ടറെ ചുമതലപ്പെടുത്തി.