29 C
Trivandrum
Sunday, April 20, 2025

ഡൽഹിയിലെ ബസ് സർവീസിൻ്റെ പേരും ബി.ജെ.പി. സർക്കാർ മാറ്റുന്നു; മൊഹല്ല ബസ് ഇനിയില്ല

Follow the FOURTH PILLAR LIVE channel on WhatsApp 

ന്യൂഡല്‍ഹി: ഭരണത്തിലേറിയതിന് പിന്നാലെ ഡല്‍ഹിയില്‍ എ.എ.പി. സര്‍ക്കാരിൻ്റെ അഭിമാന പദ്ധതിയുടെ പേര് ബി.ജെ.പി. സർക്കാർ മാറ്റുന്നു. മൊഹല്ല ബസ് സര്‍വീസിൻ്റെ പേര് നമോ ബസ് എന്നു മാറ്റാനാണ് തീരുമാനം. അന്ത്യോദയാ ബസ് എന്ന പേരും പരിഗണനയിലുണ്ട്. ഏപ്രില്‍ 1 മുതലായിരിക്കും മാറ്റം എന്നാണ് വിവരം.

പൊതുഗതാഗതത്തിലെ ആള്‍ത്തിരക്ക് കുറയ്ക്കാനും ഉള്‍പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് അരവിന്ദ് കേജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള എ.എ.പി. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് മൊഹല്ല ബസ് സര്‍വീസുകള്‍. ഏപ്രില്‍ 1ന് നടക്കുന്ന പരിപാടിയില്‍ 200 പുതിയ ഇലക്ട്രിക് ബസുകള്‍ കൂടി പദ്ധതിയുടെ ഭാഗമാവും. ഇതിനൊപ്പമാണ് പേരുമാറ്റവും പ്രാവർത്തികമാക്കുക. പുതിയ ബസുകള്‍ക്കായുള്ള ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് ഗതാഗതമന്ത്രി പങ്കജ് സിങ് അറിയിച്ചു.

ആകെ 2,000 ബസുകള്‍ പുതുതായി സര്‍വീസിൻ്റെ ഭാഗമാവും. 3,000 പഴയ ബസുകള്‍ ഈ വര്‍ഷത്തോടെ നിരത്തില്‍നിന്ന് പിന്‍വാങ്ങും. മാസംതോറും ബാച്ചുകളായാണ് പഴയ ബസുകള്‍ പിന്‍വലിക്കുക. വനിതകള്‍ക്ക് സൗജന്യ സര്‍വീസ് തുടരുമെന്ന് ഉറപ്പുനല്‍കിയ മന്ത്രി, നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ ലാഭകരമാക്കുമെന്നും അവകാശപ്പെട്ടു.

ഫെബ്രുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എ.എ.പിയെ തകര്‍ത്താണ് ബി.ജെ.പി. അധികാരത്തിലെത്തിയത്. പിന്നാലെ, മൊഹല്ല ക്ലിനിക്കുകളുടെ പേര് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ എന്നാക്കാന്‍ നിര്‍ദേശിച്ചിരുന്നു. നജഫ്ഗഡ്, മുഹമ്മദ് പുര്‍, മുസ്തഫാബാദ് എന്നീ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി. എം.എൽ.എമാര്‍ രംഗത്തെത്തുകയും ചെയ്തു.

Recent Articles

Related Articles

Special

Enable Notifications OK No thanks