Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലം വരെ വിപുലമായ പരിപാടികൾ ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കും.
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഏപ്രിൽ 21ന് കാസറഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകും.
ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിൻ്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി.-എസ്.ടി. വകുപ്പിൻ്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിൻ്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് ആൻഡ് ടെക്നോളജി വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും.
പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദ്ദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.























