Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന എംപുരാൻ. ചിത്രം ഐമാക്സിൽ പുറത്തിറങ്ങുമെന്ന വിവരം സംവിധായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് പുതിയ ആവേശമായി. മലയാളത്തിലെ ആദ്യ ഐമാക്സ് റിലീസായിരിക്കും എമ്പുരാൻ.
മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇന്ത്യയിൽ ആദ്യ ഷോ മാർച്ച് 27ന് പുലർച്ചെ 6 മണിക്കായിരിക്കും ആരംഭിക്കുകയെന്ന് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഓരോ രാജ്യത്തെയും സമയമനുസരിച്ച് റിലീസുകളിൽ മാറ്റമുണ്ടാകും.
റിലീസിന് മുന്നോടിയായി മാർച്ച് 20ന് ചിത്രത്തിൻ്റെ ആദ്യ ഭാഗമായ ലൂസിഫർ റീ-റിലീസ് ചെയ്യും. 2019ൽ റിലീസ് ചെയ്ത ഈ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാൻ 3 ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിൻ്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു സന്തോഷ്, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖേദ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി.മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരുമെത്തുന്നു.
മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവും എഡിറ്റിങ് നിർവ്വഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിൻ്റെ ക്രീയേറ്റീവ് ഡയറക്ടർ.