29 C
Trivandrum
Friday, March 14, 2025

ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല; തുഷാർ ഗാന്ധിയെ തടഞ്ഞതിൽ പിണറായി

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: തുഷാർ ഗാന്ധിക്കെതിരായ സംഘപരിവാർ അതിക്രമം രാജ്യത്തിൻ്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെതെന്നും ഇത് അപലപനീയമാണെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമാണ് തുഷാര്‍ ഗാന്ധി. വർക്കല ശിവഗിരിയിലെ ഗാന്ധി – ഗുരു സംവാദത്തിൻ്റെ 100ാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്.

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുവും കൂടിക്കാഴ്ച നടത്തിയ ചരിത്ര സംഭവം അനുസ്മരിക്കുന്ന ഘട്ടത്തിലാണ് ഈ സന്ദർശനം. അപ്പോഴാണ് തുഷാർ ഗാന്ധിക്കെതിരെ ആർ.എസ്.എസ്. പരസ്യമായ കടന്നാക്രമണം നടത്തിയത്. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയിൽ നിന്ന് ഒട്ടും വിഭിന്നമല്ല ഈ വിദ്രോഹ സമീപനത്തിന് പിന്നിലുള്ളവരുടെത്. ഇത് അപലപനീയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളര്‍ത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ ഒറ്റപ്പെടുത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിൻ്റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാര്‍ ഗാന്ധി പങ്കുവെച്ചത്. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുക കൂടിയാണ് സംഘപരിവാര്‍. പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്. കേരളത്തില്‍ എത്തുന്ന ദേശീയ-അന്തര്‍ദ്ദേശീയ വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല.

മതേതര ജനാധിപത്യ സമൂഹത്തിൻ്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണ്. ജനാധിപത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂവെന്നു പിണറായി പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks