29 C
Trivandrum
Wednesday, March 12, 2025

ലണ്ടനില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിക്കു നേരെ ആക്രമണ ശ്രമം; പിന്നിൽ ഖലിസ്താൻവാദികൾ

Follow the FOURTH PILLAR LIVE channel on WhatsApp 

ലണ്ടൻ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് നേരെ ലണ്ടനിൽ ഖലിസ്താൻവാദികളുടെ ആക്രമണ ശ്രമം. കാറിൽ കയറിയ ജയശങ്കറിൻ്റെ തൊട്ടടുത്തേക്ക് അക്രമി പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്‌ഥർ ഇടപെട്ട് ആക്രമണം തടഞ്ഞു.

ലണ്ടനിലെ സ്വതന്ത്ര നയവിശദീകരണ സ്ഥാപനമായ ദ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റര്‍നാഷണല്‍ അഫയേഴ്സിൻ്റെ ചതം ഹൗസിനു പുറത്താണ് പ്രതിഷേധം അരങ്ങേറിയത്. ഖലിസ്താൻ്റെ പ്രതീകമായ മഞ്ഞപ്പതാകയുമായി വേദിക്ക് പുറത്ത് സംഘടിച്ച അനുകൂലികള്‍ ഖലിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു. ലണ്ടൻ പൊലീസ് നോക്കിനിൽക്കേയാണ് സംഭവങ്ങൾ.

ജയശങ്കർ കാറിൽ കയറാൻ എത്തിയതോടെ ഇന്ത്യയുടെ ദേശീയപതാകയിലെ മൂവർണ്ണങ്ങളുള്ള തുണിയുമായി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞെത്തി. അയാൾ കാറിനു മുന്നിൽവെച്ച് കൈയിലുണ്ടായിരുന്ന തുണി വലിച്ചുകീറി. ആക്രമിക്കാൻ വന്നയാളെ കീഴ്‌പ്പെടുത്തുന്നതിന് പകരം ശാന്തനാക്കി തിരിച്ചയക്കാനാണ് പൊലീസ് ശ്രമിച്ചത്.

ഏതാനും നിമിഷങ്ങൾക്കു ശേഷം മാത്രമാണ് മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ട് പോയത്. ഖലിസ്താൻവാദികളുടെ പ്രതിഷേധത്തിൻ്റെയും ആക്രമണത്തിൻ്റെയും വീഡിയോകൾ പുറത്തുവന്നു. ജയശങ്കറിൻ്റെ തൊട്ടടുത്തുവരെ പ്രതിഷേധക്കാർ എത്തുന്ന ഗുരുതരമായ സാഹചര്യം ഉണ്ടായിട്ടും ലണ്ടൻ പൊലീസ് നിസ്സംഗരായി നിന്നെന്ന വിമർശം ഉയർന്നിട്ടുണ്ട്.

ചതം ഹൗസില്‍ നടത്തിയ സംഭാഷണത്തില്‍ ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ ഉലച്ചിലിനെ കുറിച്ചും ബന്ധം പുനസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യതകളെ കുറിച്ചുമാണ് വിദേശകാര്യ മന്ത്രി വിശദീകരിച്ചത്. ഇതിന് ശേഷം പുറത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണ ശ്രമം.

ഇന്ത്യയുടെ താല്പര്യങ്ങള്‍ ബഹുമാനിക്കപ്പെടുകയാണെങ്കില്‍ ചൈനയുമായി സുസ്ഥിരമായ ബന്ധം ആവാമെന്ന് ജയശങ്കര്‍ പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരാന്‍ അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും അത്യാവശ്യമാണെന്നും ജയശങ്കര്‍ യോഗത്തില്‍ വ്യക്തമാക്കി. സുസ്ഥിരമായ സന്തുലിതാവസ്ഥ എങ്ങനെ സൃഷ്ടിക്കാം എന്നതാണ് സുപ്രധാന പ്രശ്‌നം. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന സുസ്ഥിര ബന്ധം വേണം. അതാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ പ്രധാന വെല്ലുവിളി. അതിര്‍ത്തി അസ്ഥിരമാണെങ്കില്‍, സമാധാനവും ശാന്തിയും ഇല്ലെങ്കില്‍ ബന്ധത്തിൻ്റെ പുരോഗതിയെയും ദിശയെയും പ്രതികൂലമായി ബാധിക്കുമെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

കശ്മീര്‍ വിഷയം പരിഹരിക്കുന്നതില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ജയശങ്കർ തള്ളുകയും ചെയ്തു. ‘പാകിസ്താന്‍ നിയമവിരുദ്ധമായി അധിനിവേശം നടത്തിയ കശ്മീരിൻ്റെ ഭാഗം തിരികെ നല്‍കുകയാണ് ഇനി വേണ്ടത്. അത് പൂര്‍ത്തിയാകുമ്പോള്‍, കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് നമുക്ക് ഉറപ്പിക്കാനാകും’ -ജയ്ശങ്കര്‍ പറഞ്ഞു.

ബ്രിട്ടണും അയര്‍ലൻഡുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെ യു.കെയിൽ ഔദ്യോഗിക പരിപാടികൾക്ക് എത്തിയതാണ് ജയശങ്കർ.

Recent Articles

Related Articles

Special

Enable Notifications OK No thanks