Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: രണ്ടാം എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നതോടെ വിദ്യാലയങ്ങളിൽ നടത്തിയത് 43,637 നിയമനങ്ങൾ. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലായാണ് ഇത്രയും നിയമനങ്ങളെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.
ഹൈസ്കൂളിൽ 5931, അപ്പർ പ്രൈമറിയിൽ 7824, ലോവർ പ്രൈമറിയിൽ 8555, സ്പെഷൽ ലിസ്റ്റ് അധ്യാപകരായി 573, നോൺ ടീച്ചിങ് സ്റ്റാഫായി 1872 എന്നിങ്ങനെ 24755 നിയമനങ്ങൾ എയ്ഡഡ് മേഖലയിൽ നൽകി.
എൽ.പി.എസ്‍.ടി.- 5620, യു.പി.എസ്‍.ടി.- 4372, എച്ച്.എസ്‍.ടി.- 3859, എച്ച്.എസ്.എസ്‍.ടി. ജൂനിയർ-1606, എച്ച്.എസ്.എസ്‍.ടി. സീനിയർ- 110, സ്പെഷലിസ്റ്റ് അധ്യാപകർ- 547, വി.എച്ച്.എസ്.സി.- 150 എന്നിങ്ങനെയും ഹയർസെക്കൻഡറി അനധ്യാപകർ- 767, സെക്കൻഡറി അനധ്യാപകർ- 1745 എന്നിങ്ങനെയും ആകെ 18,882 നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തി.
ഭിന്നശേഷി സംവരണ നിയമനം, അദ്ധ്യാപക-അനദ്ധ്യാപക നിയമനാംഗീകാരങ്ങൾ എന്നീ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെ സംബന്ധിച്ച് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകൾക്കനുസൃതമായി 2022 ജൂലൈ 25 മുതൽ സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിനായി, ബാക്ക് ലോഗ് കണക്കാക്കി, 2024 ജൂൺ 23 വരെ റോസ്റ്റർ സമർപ്പിച്ച സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ എണ്ണം 3127 ആണ്. ഇതിൽ കോർപ്പറേറ്റ് 468. വ്യക്തിഗതം 2659 എന്നിങ്ങനെയാണ്. നാളിതു വരെ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമിക്കപ്പെട്ട ഭിന്നശേഷി വിഭാഗം ജീവനക്കാരുടെ എണ്ണം 1204 ആണ്.
മാനേജർമാർ പൂർണ്ണമായും ഭിന്നശേഷി സംവരണം പൂർത്തിയാക്കിയ സ്കൂളുകളിൽ നിയമിക്കപ്പെട്ടവർക്ക് റഗുലറായി അംഗീകാരം നൽകുന്നുണ്ട്. അധികതസ്തികകളിൽ സംരക്ഷിതാധ്യാപകരെ ലഭ്യമല്ലെങ്കിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡി.ഡി.ഇ യുടെ അനുമതിയോടെ നിയമനം നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.
























