സി.ഐ.ടി.യു. പ്രവർത്തകനെ കുത്തിക്കൊന്നു; 3 ബി.ജെ.പിക്കാർ പിടിയിൽ

Follow the FOURTH PILLAR LIVE channel on WhatsApp 

പത്തനംതിട്ട: പെരുനാട് മഠത്തുംമൂഴിയിൽ സി.ഐ.ടി.യു. പ്രവർത്തകനെ ബി.ജെ.പിക്കാരൻ കുത്തിക്കൊന്നു. മാമ്പാറ പടിഞ്ഞാറേ ചരുവിൽ ജിതിൻ ഷാജിയാണ് (34) കൊല്ലപ്പെട്ടത്‌. പ്രദേശത്തെ സജീവ ബി.ജെ.പി പ്രവർത്തകൻ വിഷ്ണുവാണ്‌ ജിതിനെ ഞായർ രാത്രി പെരുനാട് കൊച്ചുപാലം ജങ്ഷന് സമീപം വച്ച് അക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ 3 ബി.ജെ.പി. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായർ രാത്രി 8.30ന് ബി.ജെ.പി. പ്രവർത്തകരായ വിഷ്ണുവും നിഖിലേഷും സുമിതും മറ്റ്‌ 2 പേരും ചേർന്ന്‌ അനന്തു എന്ന യുവാവിനെ മർദ്ദിച്ചിരുന്നു. ഈ പ്രശ്‌നം പറഞ്ഞുതീർക്കാനെത്തിയ പെരുനാട് പഞ്ചായത്ത് മെമ്പർ ശ്യാം, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറി വിഷ്ണു, യൂണിറ്റ് സെക്രട്ടറി ശരത്‌, ആകാശ് എന്നിവരെ ബി.ജെ.പി. സംഘം വെട്ടി പരിക്കേൽപ്പിച്ചു. ഇതറിഞ്ഞ്‌ ഇവിടെത്തിയ ജിതിനെയാണ് വിഷ്ണു വടിവാളിന് വെട്ടിയും കുത്തിയും അക്രമിച്ചത്. ജിതിന്റെ വയറിന്റെ വലതുഭാഗത്ത്‌ ആഴത്തിൽ മുറിവേറ്റു. തുടയിലും വെട്ടേറ്റു.

നാട്ടുകാർ ചേർന്ന് ജിതിനെ ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടർന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബി.ജെ.പി. അക്രമിസംഘം വെട്ടിപരിക്കേൽപ്പിച്ചവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

8 പ്രതികളുള്ള കേസിൽ അഖില്‍, ശാരോണ്‍, ആരോമല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തതായാണ്‌ പൊലീസ്‌ അറിയിച്ചത്‌. നിഖിലേഷ്, വിഷ്ണു, സുമിത്ത്, മനീഷ്, മിഥുന്‍ എന്നിവരാണ് കേസിലെ മറ്റ്‌ പ്രതികള്‍. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ്. ആണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

ഗീതയാണ് മരിച്ച ജിതിൻ്റെ അമ്മ. അച്ഛൻ ഷാജി.

Recent Articles

Related Articles

Special