Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: 16കാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 23കാരന് 75 വർഷം കഠിന തടവ്. മലപ്പുറം കൊണ്ടോട്ടി മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി കെ.നുഹ്മാനാണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്. പ്രതി 6.25 ലക്ഷം രൂപ പിഴയടയ്ക്കാൻ വിധിച്ച കോടതി പണമടച്ചില്ലെങ്കിൽ 11 മാസം അധികം തടവ് അനുഭവിക്കാനും ഉത്തരവിട്ടു. മഞ്ചേരി സ്പെഷ്ൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2022 മെയ് മുതൽ 2023 മെയ് വരെയുള്ള കാലയളവിൽ പല തവണ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. മൊബൈൽ ഫോൺ വഴിയാണ് പ്രതി പെൺകുട്ടിയുമായി അടുത്തത്. നിരന്തരം പിന്തുടർന്ന് പ്രണയം നടിച്ച് വലയിലാക്കിയ ശേഷം പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന വീട്ടിൽ പതിവായി രാത്രിയിലെത്തി പീഡിപ്പിച്ചുവെന്നും ബൈക്കിൽ മിനി ഊട്ടിയിലെ മിസ്റ്റി ലാന്‍ഡ് നാച്ചുറല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോയെന്നുമാണ് കേസ്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് വാഴക്കോട് പൊലീസ് കേസെടുത്തത്.
പ്രതി പിഴയായി അടയ്ക്കുന്ന തുക അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം പെൺകുട്ടിക്ക് കൂടുതല്‍ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു. വാഴക്കാട് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന രാജൻ ബാബുവാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ.സോമസുന്ദരന്‍ ഹാജരായി.
കേസില്‍ പ്രോസിക്യുഷന്‍ ഭാഗം തെളിവിലേക്കായി 23 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകള്‍ ഹാജരാക്കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
































