Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് അതിക്രമവും വീഴ്ചയും ഉയർത്തിക്കാട്ടി കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. അടിയന്തര പ്രമേയത്തിൽ സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസംഗം വേഗത്തിൽ അവസാനിപ്പിക്കാൻ സ്പീക്കർ എ.എൻ.ഷംസീർ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കുതർക്കവും ഉണ്ടായി.
എൻ.ഷംസുദ്ദീൻ എം.എൽ.എ. കൊണ്ടുവന്ന പ്രമേയത്തിൽ നെന്മാറയിൽ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിൽ ഇറങ്ങി നടത്തിയ കൊലയടക്കം പൊലീസ് വീഴ്ചയെന്നാണ് ആരോപിച്ചത്.
എന്നാൽ ചെന്താമരയ്ക്ക് ജാമ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ പൊലീസ് കോടതിയിൽ എതിർത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പൊലീസ് താക്കീത് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ വ്യക്തമാക്കി. നടപടിയിൽ വീഴ്ച വരുത്തിയ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ നടപടി എടുത്തുവെന്നും പൊലീസുകാർക്കെതിരെ കേസ് എടുത്തുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ചെറിയ വീഴ്ചകളെ പൊതുവൽക്കരിച്ച് പൊലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും സഭ നിർത്തി ചർച്ച വേണ്ടെന്നും മുഖ്യമന്ത്രി നിലപാടെടുത്തതോടെയാണ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
























