1 റൺ ലീഡ് കേരളത്തെ സെമിയിലെത്തിച്ചു; അവസാന നാലിലെത്തുന്നത്‌ രണ്ടാം തവണ

Follow the FOURTH PILLAR LIVE channel on WhatsApp 

പുണെ: ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൻ്റെ ഒന്നാമിന്നിങ്സിൽ നേടിയ 1 റൺ ലീഡിന് 1,000 റൺസിനെക്കാൾ മൂല്യമുണ്ട്. ആ 1 റൺ ലീഡിൻ്റെ ബലത്തിൽ കേരളം സെമിയിൽ കടന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിൻ്റെ രണ്ടാമത്തെ മാത്രം സെമിയാണിത്. സെമിയിൽ ഗുജറാത്താണ്‌ കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ വിദർഭ മുംബൈയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 17നാണ്‌ രണ്ട്‌ മത്സരങ്ങളും.

2018-19 സീസണിലാണ് കേരളം അവസാനമായി രഞ്ജി ട്രോഫി സെമി ഫൈനൽ കളിച്ചത്. അന്ന് സെമിയിൽ വിദർഭയോട് തോൽവി വഴങ്ങുകയായിരുന്നു. എന്നാൽ ഇത്തവണ കർണ്ണാടക, മധ്യപ്രദേശ്,ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ കരുത്തരായ ടീമുകളെ മറികടന്നാണ് കേരളം നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. മുംബൈ, ബറോഡ തുടങ്ങിയ കരുത്തരെ തോല്പിച്ചെത്തിയ ജമ്മു കശ്മീരിനെ ക്വാർട്ടറിൽ കേരളം മറികടന്നു.

ജമ്മു കശ്‌മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരം സമനിലയായതോടെയാണ്‌ കേരളത്തിന്റെ സെമി പ്രവേശനം. ആദ്യ ഇന്നിങ്‌സിൽ നേടിയ ലീഡ്‌ കേരളത്തെ സെമിയിലെത്തിച്ചു. സമനില പോലും സെമിയിലേക്ക് വഴിതുറക്കുമെന്നിരിക്കെ കരുതലോടെയായിരുന്നു കേരള താരങ്ങൾ അവസാന ദിവസം ബാറ്റ് വീശിയത്. അക്ഷയ് ചന്ദ്രനും സച്ചിൻ ബേബിയും ചേർന്ന് വളരെ ശ്രദ്ധയോടെ ഇന്നിങ്സ് മുന്നോട്ട് നീക്കി. 2 വിക്കറ്റിന് 100 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടത് 128ൽ നില്ക്കെയാണ്. എന്നാൽ ഇതിനിടയിൽ 24 ഓവറുകൾ കടന്നു പോയിരുന്നു.

48 റൺസെടുത്ത അക്ഷയ് ചന്ദ്രനെ സാഹിൽ ലോത്ര പുറത്താക്കി. 52 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 3 വിക്കറ്റുകൾ കൂടി നഷ്ടമായതോടെ ഒരു ഘട്ടത്തിൽ 6 വിക്കറ്റിന് 180 റൺസെന്ന നിലയിലായിരുന്നു കേരളം. അവിടെ വീണ്ടുമൊരു കൂട്ടുകെട്ടുമായി സൽമാൻ നിസാറും മുഹമ്മദ് അസറുദ്ദീനും കേരളത്തിൻ്റെ രക്ഷകരായി. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 115 റൺസാണ് കൂട്ടിച്ചേർത്തത്. സൽമാൻ നിസാർ 162 പന്തുകളിൽ നിന്ന് 44 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 118 പന്തുകളിൽ നിന്ന് 67 റൺസുമായി മുഹമ്മദ് അസറുദ്ദീനും പുറത്താകാതെ നിന്നു.

ക്യാപ്റ്റൻ സച്ചിൻ ബേബി 48 റൺസും ജലജ് സക്സേന 18ഉം ആദിത്യ സർവാടെ 8ഉം റൺസെടുത്തു. കശ്മീരിന് വേണ്ടി യുധ്വീർ സിങ്, സാഹിൽ ലോത്ര, ആബിദ് മുഷ്താഖ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

Recent Articles

Related Articles

Special