Follow the FOURTH PILLAR LIVE channel on WhatsApp
മലപ്പുറം: പകുതിവില തട്ടിപ്പ് കേസിൽ എം.എൽ.എ. നജീബ് കാന്തപുരത്തിന് എതിരായ പരാതി പിൻവലിച്ച് പരാതിക്കാരിയായ പുലാമന്തോൾ സ്വദേശിനി. പരാതിക്കാരിക്ക് എം.എൽ.എയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷൻ പണം തിരിച്ചു നൽകിയതിനെ തുടർന്നാണ് പരാതി പിൻവലിച്ചത്. തുടർനടപടികൾക്ക് താല്പര്യമില്ലെന്ന് പരാതിക്കാരി സ്റ്റേഷനിലെത്തി എഴുതി നൽകുകയായിരുന്നു.
ഫെബ്രുവരി 7നാണ് പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിന് എതിരെ പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചനാകുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ആണ് എം.എൽ.എയ്ക്കെതിരെ ചുമത്തിയിരുന്നത്. നജീബ് കാന്തപുരത്തിന്റെ പരാതിയിലും പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്. 2024 സെപ്തംബര്‍ 25നാണ് എം.എ.ല്‍എയുടെ ഓഫീസിലെത്തി പണം നല്‍കിയത്. 40 ദിവസം കഴിഞ്ഞാല്‍ ലാപ്ടോപ് ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്. എന്നാല്‍ പണമോ ലാപ്ടോപോ ലഭിക്കാതെ വന്നതോടെ പരാതി നല്‍കുകയായിരുന്നു.
പണം നല്‍കിയപ്പോള്‍ മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന പേരിലാണ് രശീത് ലഭിച്ചത്. എം.എൽ.എ. ഓഫീസ് ജീവനക്കാരനാണ് അപേക്ഷ വാങ്ങിയതും പണം കൈപ്പറ്റി രശീതി നല്‍കിയതും. നജീബ് കാന്തപുരം നേതൃത്വം നല്‍കുന്ന പദ്ധതിയാണെന്ന വിശ്വാസത്താലാണ് മുന്‍കൂര്‍ പണം അടച്ചതെന്ന് പരാതിക്കാരിുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.