29 C
Trivandrum
Wednesday, March 12, 2025

പാമ്പ് കടിയേറ്റുള്ള മരണം: ആശ്രിതർക്ക്‌ ഇനി 4 ലക്ഷം രൂപ സഹായം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: മനുഷ്യ, വന്യജീവി സംഘർഷത്തിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് സഹായം അനുവദിക്കുന്നതിന്നുള്ള പുതിയ മാനദണ്ഡങ്ങൾക്ക് ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ് കമ്മറ്റി അന്തിമരൂപം നൽകി. പാമ്പ് കടിയേറ്റുള്ള മരണവും പുതുക്കിയ മാനദണ്ഡപ്രകാരം പട്ടികയിൽ ഉൾപ്പെടുത്തി. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പാമ്പുകടിയേറ്റ്‌ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സർക്കാർ ധനസഹായം ഇനി ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ലഭിക്കും. നേരത്തെ 2 ലക്ഷമായിരുന്നു സഹായമെങ്കിൽ ഇനിയത്‌ 4 ലക്ഷമാണ്‌. നേരത്തെ വനം വകുപ്പായിരുന്നു 2 ലക്ഷം രൂപ നൽകിയിരുന്നത്‌.

വന്യമൃഗ സംഘർഷത്തെ പ്രതിരോധിക്കുന്നതിനിടയിൽ കിണർ, വളപ്പിലെ മതിൽ, വേലി, ഉണക്കുന്ന അറകൾ, എം.എസ്.എം.ഇ. യൂണിറ്റുകൾ തുടങ്ങിയ ആസ്തികൾക്ക് നാശനഷ്ടം സംഭവിച്ചാൽ പരമാവധി 1 ലക്ഷം രൂപയും എസ്.ഡി.ആർ.എഫിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വനം വകുപ്പിൽ സംസ്ഥാന തലത്തിലും ഡിവിഷൻ തലത്തിലും കൺട്രോൾ റൂമുകൾ സ്ഥാപിക്കും. ഇതിനായി 3.72 കോടി രൂപയ്ക്കുള്ള നിർദ്ദേശവും അംഗീകരിച്ചു.

സംസ്ഥാന വനം എമർജൻസി ഓപ്പറേഷൻ സെന്റർ, ഡിവിഷണൽ വനം എമർജൻസി ഓപ്പറേഷൻ സെന്റർ എന്നിവയുടെ പ്രവർത്തനച്ചെലവും വാർഷിക പരിപാലനച്ചെലവും വനംവകുപ്പ് വഹിക്കും. മനുഷ്യ വന്യമൃഗ സംഘട്ടനങ്ങൾ ലഘൂകരിക്കാനും പ്രതിരോധം ആസൂത്രണം ചെയ്യാനും ഉന്നത ഉദ്യോഗസ്ഥരുടെ സംസ്ഥാനതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

Recent Articles

Related Articles

Special

Enable Notifications OK No thanks