Follow the FOURTH PILLAR LIVE channel on WhatsApp
ബ്രസീലിയ: തങ്ങളുടെ പൗരന്മാരെ വിലങ്ങണിയിച്ച് വിമാനത്തിൽ കയറ്റി വിട്ട യു.എസ്. നടപടിക്കെതിരെ ബ്രസീൽ പ്രകടിപ്പിച്ച ശക്തമായ പ്രതിഷേധം ഫലം കണ്ടു. ബ്രസീലിൽ നിന്നുള്ള കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘത്തെ മാന്യമായി യാത്രാവിമാനത്തിൽ യു.എസ്. നാട്ടിലെത്തിച്ചു.
യു.എസിലെ ലൂസിയാനയിൽ നിന്ന് 111 പേരാണ് യാത്രാവിമാനത്തിൽ ബ്രസീലിലെ ഫോർട്ടലെസയിൽ എത്തിയത്. ഡോണൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായതിനു ശേഷം അനധികൃത കുടിയേറ്റക്കാരുടെ ആദ്യസംഘത്തെ വിലങ്ങണിയിച്ചായിരുന്നു ബ്രസീലിലെത്തിച്ചത്. 88 പേരെയാണ് വെള്ളവും ശൗചാലയസൗകര്യങ്ങളും നൽകാതെ യു.എസ്. ഇപ്രകാരം നാടുകടത്തിയത്.
ഇതേത്തുടർന്ന് ഉന്നത യു.എസ്. നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ബ്രസീൽ വിശദീകരണം തേടുകയും പ്രതിഷേധമറിയിക്കുകയും ചെയ്തു. യു.എസിൽനിന്ന് നാടുകടത്തുന്ന കുടിയേറ്റക്കാർക്ക് മാനുഷിക പരിഗണന ഉറപ്പാക്കാൻ പ്രത്യേക സംഘത്തെയും ബ്രസീൽ നിയോഗിച്ചു. ഇതിൻ്റെ തുടർച്ചയായാണ് സൈനിക വിമാനത്തിൽ നടത്തിയിരുന്ന നാടുകടത്തൽ ബ്രസീലിൽ യാത്രാവിമാനത്തിലേക്കു മാറ്റാൻ യു.എസ്. നിർബന്ധിതമായത്.
2017ൽ യു.എസുമായുണ്ടാക്കിയ കരാറിനെത്തുടർന്ന് ഒട്ടേറെത്തവണ അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് ബ്രസീൽ സർക്കാർ അറിയിച്ചു. 2020 മുതൽ 2024 വരെ 94 വിമാനങ്ങളിലായി 7,500ഓളം കുടിയേറ്റക്കാർ ബ്രസീലിൽ തിരിച്ചെത്തി.