Follow the FOURTH PILLAR LIVE channel on WhatsApp
കല്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കൽപറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെ അന്തിമ രൂപം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡി.ഡി.എം.എ.) അംഗീകാരം. ആദ്യഘട്ടക പട്ടികയിൽ 242 ഗുണഭോക്താക്കളാണുള്ളത്. ചൂരൽമല വാർഡിലെ 108 പേരും, അട്ടമല വാർഡിലെ 51 പേരും പട്ടികയിൽ ഉണ്ട്. മുണ്ടക്കൈ വാർഡിൽ 83 പേരാണ് ഗുണഭോക്താക്കൾ. കഴിഞ്ഞ ദിവസം ചേർന്ന ദുരന്ത നിവാരണ അതോറിറ്റി യോഗമാണ് പട്ടികയ്ക്ക് അംഗീകാരം നൽകിയത്.
മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. രണ്ടാംഘട്ടത്തിൽ ദുരന്ത മേഖലയിലെ നാശനഷ്ടം സംഭവിക്കാത്ത വീടുകൾ, ദുരന്ത മേഖലയിലൂടെ മാത്രം എത്തിപ്പെടാവുന്ന വീടുകൾ, ദുരന്തം മൂലം ഒറ്റപ്പെട്ട വീടുകൾ എന്നിവ ഉൾപ്പെടുത്തുമെന്നാണ് വിശദീകരണം. അന്തിമ പട്ടികയിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകപ്പിൽ സമർപ്പിക്കാമെന്ന് ഡി.ഡി.എം.എ. ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മേഘശ്രീ വ്യക്തമാക്കി.
കളക്ടറേറ്റ്, മാനന്തവാടി ആർ.ഡി.ഒ. ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലും തദ്ദേശ സ്വയംഭരണ വകുപ്പിന്‍റേയും ജില്ലാ ഭരണകൂടത്തിന്‍റെയും വെബ്സൈറ്റുകളിലും ഗുണഭോക്താളുടെ പട്ടിക ലഭ്യമാണ്. ദുരന്തത്തിൽ നാശനഷ്ട സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് വേറെ എവിടെയെങ്കിലും താമസയോഗ്യമായ വീട് ഇല്ലെങ്കിൽ മാത്രമാണ് ഇപ്പോൾ പുനരധിവാസത്തിന് അർഹരാകുക. മറ്റുള്ള എവിടെയെങ്കിലും വീണ്ടുണ്ടെങ്കിൽ വീടുകളുടെ നാശനഷ്ടത്തിന് 4 ലക്ഷം രൂപ നിലവിലെ മാനദണ്ഡങ്ങൾക്കനുസരിച്ച് നഷ്ടപരിഹാരം അനുവദിക്കുമെന്നും കളക്ടർ അറിയിച്ചു.