Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ ബി.ജെ.പി. നേതാവ് പി.സി.ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യ ഹരജി തള്ളിയത്. ജനുവരി 5ന് ജനം ടി.വിയില്‍ നടന്ന ചർച്ചയിലായിരുന്നു ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ മുഴുവൻ വർഗീയവാദികളാണ് എന്ന വിവാദ പരാമർശം പി.സി.ജോർജ് നടത്തിയത്. മുൻകൂർ ജാമ്യം തള്ളിയതോടെ ജോർജിൻ്റെ അറസ്റ്റിന് വഴിയൊരുങ്ങിയിരിക്കുകയാണ്.
സംഭവത്തിൽ യൂത്ത് ലീഗ് നൽകിയ പരാതിയിൽ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. ഇതിന് പിന്നാലെ ജോർജ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. 4 തവണ മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു. തുടർന്ന് ബുധനാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്.
ചാനൽ ചർച്ചയുടെ വിഡിയോയുടെ ഉള്ളടക്കം കോടതി എഴുതി വാങ്ങിയിരുന്നു. ബുധനാഴ്ച വിശദവാദം കേട്ടശേഷമാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മുമ്പും സമാന കേസിൽ ഉൾപ്പെട്ടയാളാണ് ജോർജെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വായിൽ തോന്നുന്നത് വിളിച്ചുപറയുകയാണ്. ഇത് സമൂഹത്തിലുണ്ടാക്കുന്ന അപകടം വലുതാണ്. ഇത് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
പ്രതി ദീർഘകാലം ജനപ്രതിനിധിയായിരുന്നുവെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാനുള്ള ഗൗരവം വിഷയത്തിനില്ലെന്നുമായിരുന്നു പ്രതിഭാഗം നിലപാട്.
മുസ്‌ലിങ്ങൾ എല്ലാവരും പാകിസ്താനിലേക്ക് പോകട്ടെ, ഞങ്ങൾ ഇവിടെ സ്വസ്ഥമായി ജീവിക്കട്ടെ. മുസ്‌ലിങ്ങൾ എല്ലാവരും വർഗീയവാദികൾ, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്‌ലിംകൾ കൊലപ്പെടുത്തിയിട്ടുണ്ട്, വർഗീയവാദിയല്ലാത്ത ഒരു മുസ്‍ലിമും ഇന്ത്യയിലില്ല. പി.കെ.കുഞ്ഞാലിക്കുട്ടി, കെ.ടി.ജലീൽ, എസ്.ഡി.പി.ഐ., ജമാഅത്തെ ഇസ്‌ലാമി എന്നിവരെല്ലാം ചേർന്ന് പാലക്കാട്ട് ബി.ജെ.പിയെ തോൽപ്പിക്കാൻ ശ്രമിച്ചു. ഈരാറ്റുപേട്ടയിൽ മുസ്‌ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത് എന്നെല്ലാമാണ് പി.സി.ജോർജ് പറഞ്ഞത്.