29 C
Trivandrum
Saturday, March 15, 2025

കിഫ്ബിയെ കുറിച്ചുള്ള കേന്ദ്ര വിമര്‍ശനത്തിന് മറുപടിയാണ് ടോളെന്ന് തോമസ് ഐസക്

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ടോള്‍ വേണ്ടെന്ന പഴയ നിലപാടിൽ ഉറച്ചു നില്‍ക്കാനാവില്ലെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്. കാലം മാറി. കടമെടുപ്പ് പരിധിയിൽ അടക്കം കേന്ദ്രത്തിന്‍റെ എതിര്‍പ്പ് മറികടക്കാൻ ടോള്‍ അടക്കം കിഫ്ബി പദ്ധതികളിൽ വരുമാനമുണ്ടാക്കലേ വഴിയുള്ളൂ. ഇതല്ലാതെ മറ്റു മാര്‍ഗമുണ്ടെങ്കിൽ ടോളിനെ എതിര്‍ക്കുന്ന പ്രതിപക്ഷം പറയണം. ദേശീയ പാതയിലെ ടോള്‍ കിഫ്ബി റോഡുകളിൽ വരില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

പകൽകൊള്ളയെന്ന യു.ഡി.എഫിന്റെയും മാധ്യമങ്ങളുടെയും ആക്ഷേപം അടിസ്ഥാനരഹിതമാണ്. കേരളത്തിന്റെ വികസന മുന്നേറ്റത്തെ തകർക്കുന്ന കുത്സിത നീക്കം ആണ് ആക്ഷേപത്തിന് പിന്നിൽ.കിഫ്‌ബിയിൽ നിന്ന് അന്വിറ്റി മാതൃകയിൽ വായ്പ എടുത്താണ് ഓരോ പദ്ധതികളും പൂർത്തി ആകുന്നത്. 10 – 15 വർഷം കൊണ്ട് ഗഡുക്കളായി സർക്കാർ പണം തിരിച്ചു നൽകുന്നു. ഒരു അന്വിറ്റി പദ്ധതിയും ഇതുവരെ സർക്കാർ വായ്പയായി കണക്കാക്കിയിട്ടില്ല. എന്നാൽ അന്വിറ്റി പദ്ധതികളും സർക്കാർ വായ്പകൾ ആയി കണക്കാക്കും എന്നാണ് കേന്ദ്ര നിലപാട് -അദ്ദേഹം പറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും ചേര്‍ന്ന് കിഫ്ബിക്ക് വേണ്ടി പ്രഖ്യാപിച്ച ഒരു പ്രവര്‍ത്തന മോഡല്‍ ഇന്ന് അസാധ്യമായി തീര്‍ന്നു. ആ മോഡലില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തി എങ്ങനെ മറികടക്കാന്‍ പറ്റും എന്ന് നോക്കുകയാണവര്‍. അതിന്റെ ഭാഗമായാണ് ടോള്‍ വേണ്ടെന്ന് പറഞ്ഞവര്‍ ടോളുമായിട്ട് വരുന്നുവെന്നും യുസർ ഫീ എന്ന് അതിന് പേരിട്ടാലും ശരിപ്പെടുത്തിക്കളയും എന്നൊക്കെയുള്ള ഭീഷണിയുമായി യു.ഡി.എഫ്. വരുന്നത്.

അതൊക്കെ അവര്‍ ചെയ്യട്ടെ. ഇതൊരു പോരാട്ടമാണ്. പുണ്യം കിട്ടാന്‍ വേണ്ടിയല്ല ഇത് ചെയ്യുന്നത്. കേന്ദ്രം എങ്ങനെയൊക്കെ നമ്മളെ തടസ്സപ്പെടുത്താന്‍ നോക്കുന്നോ അതിനെ മറികടക്കാന്‍ എന്താണ് മാര്‍ഗം എന്ന് നമ്മളും നോക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

Recent Articles

Related Articles

Special

Enable Notifications OK No thanks