Follow the FOURTH PILLAR LIVE channel on WhatsApp
ന്യൂഡൽഹി: കേരളം എന്ന സംസ്ഥാനം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായം നൽകാമെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് സഹായം ആദ്യം നൽകുന്നത്. കേന്ദ്ര ബജറ്റിൽ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മന്ത്രി ജോർജ് കുര്യന്റെ ഈ തരം താഴ്ന്ന മറുപടി.
കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിക്കൂ. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ വിദ്യാഭ്യാസപരമായി പിന്നാക്കമാണ്, സാമൂഹികമായി പിന്നാക്കമാണ്, അടിസ്ഥാന സൗകര്യമേഖലയിൽ പിന്നാക്കമാണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ അതു കമ്മിഷൻ പരിശോധിക്കും. പരിശോധിച്ചു കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകും – ജോർജ് കുര്യൻ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങളുടെ വികസനത്തിലാണ് കൂടുതൽ ശ്രദ്ധയെന്നും, എയിംസ് ബജറ്റിൽ അല്ല പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി നൽകി കഴിഞ്ഞാൽ മുൻഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.