Follow the FOURTH PILLAR LIVE channel on WhatsApp
പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 1.30നാണ് അപകടം സംഭവിച്ചത്. ഔദ്യോഗികമായി മരണ സംഖ്യ സ്ഥിരീകരിച്ചിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് കർശന നിർദേശം ആശുപത്രി അധികൃതർക്ക് നല്‍കിയിട്ടുള്ളതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.
മൗനി അമാവാസി ദിവസത്തിലെ അമൃത സ്‌നാന ചടങ്ങിൽ പങ്കെടുക്കാൻ ഭക്തർ ഒഴുകിയെത്തിയിരുന്നു. തിരക്ക് കൂടിയതോടെ പൊലീസ് ബാരിക്കേഡ് തകർന്നു. തിക്കും തിരക്കും നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പലരും നിലത്ത് വീഴുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് സ്‌നാനം നിർത്തിവച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഫോണിലൂടെ സംസാരിച്ച് സാഹചര്യം വിലയിരുത്തി. അതേസമയം പരുക്കേറ്റവരുടെ കൃത്യമായ എണ്ണം ഔദ്യോഗികമായി ഇപ്പോള്‍ പറയാൻ സാധിക്കില്ലെന്ന് മേളയുടെ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആകാംക്ഷ റാണ പറഞ്ഞു.
സംഭവത്തെ തുടർന്ന് കൂടുതൽ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ത്രിവേണി സംഗമത്തിന് ചുറ്റും ഏകദേശം 17 കിലോ മീറ്ററോളം ഭക്തർ തടിച്ചുകൂടിയിരുന്നു. ഇതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. തിരക്കിനിടെ പരുക്കേറ്റവരെ സമീപത്തുള്ള സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൗനി അമാവാസ്യയിലെ അമൃത് സ്‌നാനമാണ് മഹാകുംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരം. പരിപാടിക്കായി ഏകദേശം 10 കോടി തീർത്ഥാടകർ ഇതിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധിയാളുകള്‍ മഹാകുംഭമേളിയിലേക്ക് എത്തുന്നുണ്ട്. ഫെബ്രുവരി 26 വരെയാണ് മഹാ കുംഭമേള.