വടകര: കേന്ദ്രത്തില്‍ ബി.ജെ.പിയുടെ അധികാരത്തുടര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് നിലപാടും കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഉണ്ടാകും, എന്നാല്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിക്ക് വോട്ടുകൊടുക്കും ഇതാണ് 2016ല്‍ നേമത്ത് നടന്നത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലും സമാനരീതിയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വടകരയില്‍ സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുപോക്ക് പല രീതിയില്‍ പുറത്ത് പോകുന്നുണ്ട്. ഈ ഒത്തുപോക്ക് മറച്ചുവെക്കാന്‍ മറുആരോപണങ്ങള്‍ ഉന്നയിക്കുന്നു. ആരും വിശ്വസിക്കാത്ത പ്രചാരണമാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. ബി.ജെ.പി. -ഇടത് കൂട്ടുകെട്ട് അത്തരം ആരോപണങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിന് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാം എന്ന നിലപാടില്‍ കോണ്‍ഗ്രസ് എത്തി. ലീഗും അതിന് അനുസൃതമായ നിലപാട് സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ പേരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമി എസ്.ഡി.പി.ഐ. പരസ്യബന്ധം കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചു. കേരളത്തിന്റെ മതനിരപേക്ഷത തകര്‍ക്കാനുള്ള കൂട്ടുകെട്ടാണ് ഇത്. ഇത്തരം മഴവില്‍സഖ്യം രൂപപ്പെട്ടെങ്കിലും ജനങ്ങളില്‍ അത് വലിയ തോതില്‍ ഏശിയില്ല എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് ഫലം. ഭരണവിരുദ്ധ വികാരം വലിയ തോതില്‍ ഉയര്‍ത്താന്‍ ശ്രമിച്ചു എങ്കിലും വസ്തുത ഇതല്ലെന്ന് തെളിഞ്ഞവെന്നും പിണറായി വിജയന്‍ പറഞ്ഞു.
എല്‍.ഡി.എഫ്. തുടര്‍ഭരണം നേടിയത് ചെറിയ രീതിയിലല്ല വലതുപക്ഷത്തെ വിളറി പിടിപ്പിച്ചത്. 1957ല്‍ ആദ്യ സര്‍ക്കാര്‍ കേരളത്തില്‍ രൂപം കൊണ്ടപ്പോഴും അതേ വിളറിപിടിത്തം ഉണ്ടായിരുന്നു. തുടര്‍ച്ചയായി അധികാരത്തില്‍ വന്നതിനോട് ഈ ശക്തികള്‍ക്ക് ഒരുതരത്തിലും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല. അതിന്റെ ഭാഗമായി എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരവേലകള്‍ എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചുകൊണ്ട് നടക്കുന്നു. പാര്‍ട്ടിക്കെതിരെ വലിയ തോതിലുളള ഐക്യനിര രൂപപ്പെടുത്താനുള്ള നീക്കം നടക്കുന്നു. ഇടത് സര്‍ക്കാരിന് എതിരെ ഒരു വിശാല മുന്നണി ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.