29 C
Trivandrum
Wednesday, February 5, 2025

സ്ത്രീത്വത്തെ അപമാനിച്ചെന്ന് നടിയുടെ പരാതി; സംവിധായകനെതിരെ വീണ്ടും കേസ്

കൊച്ചി: സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീത്വത്തെ അപമാനിച്ചെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ്. കൊച്ചി എളമക്കര പൊലീസാണ് തിങ്കളാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സംവിധായകന്‍ ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

Follow the FOURTH PILLAR LIVE channel on WhatsApp 

നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പുകളിലാണ് കേസെടുത്തത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ ദിവസം ഇ-മെയില്‍ വഴിയാണ് നടി സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ മൊഴി എടുക്കാനുള്ള നടപടികള്‍ കൊച്ചി പൊലീസ് പൂര്‍ത്തിയാക്കി വരികയാണ്.

മഞ്ജുവിനെ പരാമര്‍ശിച്ച് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ അവരുടെ ജീവിതം അപകടത്തിലാണെന്ന് സനല്‍ പറഞ്ഞിരുന്നു. അവരുടേതെന്ന പേരില്‍ ഓഡിയോ സംഭാഷണങ്ങളും പുറത്തുവിട്ടു. പിന്നാലെ, മഞ്ജു അഭിനയിച്ച് സനല്‍ സംവിധാനം ചെയ്ത സിനിമയായ കയറ്റം സാമൂഹികമാധ്യമങ്ങള്‍ വഴി സൗജന്യമായി റിലീസ് ചെയ്തു. ചിത്രം അപ്‌ലോഡ് ചെയ്ത വിമിയോ ലിങ്കും സിനിമയുടെ ഫയൽ അടങ്ങിയ ഗൂഗിള്‍ ഡ്രൈവ് ലിങ്കുമാണ് സനൽ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചത്. ഈ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത് തടയാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് ഇങ്ങനെയൊരു നീക്കമെന്ന് സംവിധായകൻ പറയുന്നു.

മഞ്ജു വാരിയർ തന്നെ നിർമിച്ച കയറ്റം പൂർണമായും ഹിമാലയത്തിലാണ് ചിത്രീകരിച്ചത്. സിനിമയിലെ ക്യാമറ മികവിന് ചന്ദ്രു സെൽവരാജിന് മികച്ച ഛായാഗ്രഹണത്തിലുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. നിരവധി പേർ പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ കയറ്റം റിലീസ് ചെയ്യാൻ തനിക്ക് ധാർമ്മിക ബാധ്യതയുണ്ടെന്നാണ് സനലിൻ്റെ വാദം. സമാന കരണങ്ങൾ പറഞ്ഞ് നേരത്തെ ടൊവിനോ നായകനായ വഴക്ക് ഓൺലൈൻ ആയി സനൽ റിലീസ് ചെയ്തിരുന്നു.

നേരത്തേ, മഞ്ജുവാര്യരുടെ പരാതിയില്‍ പൊലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം പാറശ്ശാലയിൽ നിന്നാണ് അന്ന് സനല്‍ അറസ്റ്റിലായത്. സമൂഹമാധ്യമങ്ങൾ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും സനല്‍കുമാര്‍ ശശിധരന്‍ നിരന്തരം പ്രണയാഭ്യര്‍ഥന നടത്തുന്നതായും പിന്തുടര്‍ന്ന് ശല്യംചെയ്യുന്നതായുമായിരുന്നു പരാതി.

സനൽ പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റി. തന്റെ ജീവൻ അപകടത്തിലായതിനാലാണ് ഇന്ത്യ വിട്ട് ‍അമേരിക്കയിലേക്ക് പോകേണ്ടിവന്നുവെന്നും ഇന്ത്യയിൽ സിനിമ ചെയ്യുന്നത് തുടരാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. സനലിനെ നാട്ടിലെത്തിക്കാന്‍ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു.

Recent Articles

Related Articles

Special

Enable Notifications OK No thanks