29 C
Trivandrum
Tuesday, February 11, 2025

വയനാട്ടിലെ നരഭോജി കടുവ ചത്തനിലയിൽ, പഞ്ചാരക്കൊല്ലിയിൽ ആശ്വാസം

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ കടുവയെ ചത്തനിലയില്‍ കണ്ടെത്തി. രാധയെ കൊലപ്പെടുത്തിയ നരഭോജി കടുവ തന്നെയാണിതെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. പെണ്‍കടുവയാണ് ചത്തത്.

കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുണ്ട്. പഴകിയതും പുതിയതുമായ മറ്റു മുറിവുകളും ശരീരത്തിൽ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. 7 വയസ് പ്രായമുള്ള പെണ്‍കടുവ മറ്റൊരു കടുവയുമായുള്ള ഏറ്റമുട്ടലിനിടെ മുറിവേറ്റാകാം ചത്തതെന്നും വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ പറഞ്ഞു. മരണകാരണം കണ്ടെത്താൻ വിശദമായ പോസ്റ്റ് മോർട്ടം നടത്തും.

പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിലാണ് പുലർച്ചെ 2.30 ഓടെ ജഡം കണ്ടെത്തിയത്. കടുവയുടെ കഴിഞ്ഞ ദിവസത്തെ ഫോട്ടോയും കിട്ടിയ ജഡത്തിലെയും തിരിച്ചറിയൽ ചിഹ്നങ്ങൾ ഒത്തു നോക്കിയാണ് ചത്തത് ആളെക്കൊല്ലി കടുവ തന്നെയാണ് എന്ന് സ്ഥിരീകരിച്ചത്. 38 കാമറകളിലും പതിഞ്ഞ അതേ കടുവയാണ് ചത്തത്.

വയനാട് പഞ്ചാരകൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം കടുവയ്ക്കായി കാടുകയറിയുള്ള പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks