സംസ്ഥാന അധ്യക്ഷനായി തുടരാനില്ലെന്ന് കെ.സുരേന്ദ്രൻ

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഇനി തുടരാനില്ലെന്ന് ദേശീയ നേതൃത്വത്തെ കെ.സുരേന്ദ്രൻ അറിയിച്ചു. ഇനിയും സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന് ദേശീയ നേതൃത്വം നിലപാടെടുത്തിരുന്നു. ഇതിനിടയിലാണ് തനിക്ക് തുടരാൻ താല്പര്യമില്ലെന്ന് സുരേന്ദ്രൻ വ്യക്തമാക്കിയത്.

2020ൽ പി.എസ്.ശ്രീധരൻ പിള്ള ഗോവ ഗവർണറായി പോയതിന് പിന്നാലെയാണ് സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. തുടർന്ന് കഴിഞ്ഞ 5 വർഷമായി തുടരുകയാണ്. ഇക്കഴിഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായിരുന്നു. കൊടകര കുഴൽപ്പണം, സന്ദീപ് വാര്യരുടെ പാർട്ടി മാറ്റം, പാലക്കാട്ടെ ബി.ജെ.പിയുടെ കനത്ത പരാജയം ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഒരു വിഭാഗം നേതാക്കൾ ആവശ്യം ശക്തമാക്കിയത്. എന്നാൽ സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പിക്ക് ലോക്സഭാ സീറ്റ് നേടിക്കൊടുത്ത അധ്യക്ഷനെന്ന നിലയിൽ സുരേന്ദ്രൻ തുടരട്ടെയെന്ന നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചത്. ഇത് മറികടന്നാണ് ഇപ്പോൾ അദ്ദേഹം തുടരാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിൻ്റെ നിലപാട് നിർണ്ണായകമാണ്. സുരേന്ദ്രൻ തന്നെ തുടരട്ടെയെന്ന് നേതൃത്വം നിലപാടെടുത്താൽ സംസ്ഥാന ബി.ജെ.പിയിൽ അദ്ദേഹം കൂടുതൽ കരുത്തനാവും. അതേസമയം സുരേന്ദ്രനെ മാറ്റി പുതിയ നേതാക്കൾക്ക് അവസരം നൽകണമെന്ന ആവശ്യം ശക്തമാണ്. എം.ടി.രമേശ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയ പേരുകളെല്ലാം ചർച്ചയിൽ ഇടംപിടിച്ചിട്ടുണ്ട്. വി.മുരളീധരന്റെ കീഴിലാണ് സംസ്ഥാനത്ത് ബി.ജെ.പി. കൂടുതൽ വളർന്നതെന്നും അതിനാൽ അദ്ദേഹത്തെ അധ്യക്ഷനാക്കണമെന്നും ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ സംസ്ഥാന നേതൃത്വത്തെ ഇനിയൊരു വനിത നയിക്കട്ടെയെന്നാണ് ശോഭ പക്ഷത്തിന്റെ ആവശ്യം. മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം അട്ടമറി മുന്നേറ്റം കാഴ്ചവെച്ച ശോഭ സുരേന്ദ്രൻ അധ്യക്ഷ പദവിയിലെത്താൻ എന്തുകൊണ്ടും യോഗ്യ ആണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരും ചിലർ ഉയർത്തിക്കാട്ടുന്നുണ്ട്. സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത് കേരളത്തിൽ അദ്ദേഹം കൂടുതൽ സജീവമാകണമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഇത് കൂടുതൽ അനുകൂല സാഹചര്യം ഒരുക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Recent Articles

Related Articles

Special