പാലക്കാട്: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് അയൽവാസിയും അമ്മയും മരിച്ചു. പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരാണ് കൊല്ലപ്പെട്ടത്.
Follow the FOURTH PILLAR LIVE channel on WhatsApp
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ ബോയൻ കോളനിയിൽ ചെന്താമരയാണ് (53) സംഭവത്തിൽ പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം ചെന്താമരയുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
2019 ഓഗസ്റ്റ് 30നാണ് സജിത കൊല്ലപ്പെട്ടത്. ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
12 വർഷമായി തിരുപ്പൂരിൽ ഡ്രൈവറാണ് സുധാകരൻ. ഞായറാഴ്ചകളിൽ വീട്ടിലെത്തി പിറ്റേന്ന് തിരിച്ചുപോകുകയാണ് പതിവ്. നെന്മാറയിലെ ക്ഷേമനിധി ഓഫീസിൽ പണമടയ്ക്കാനായി തിങ്കളാഴ്ച രാവിലെ 9.30ഓടെ സുധാകരൻ സ്കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ ചെന്താമര ഓടിവന്ന് കൊടുവാളുകൊണ്ട് വെട്ടിവീഴ്ത്തുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കൈയിലും കാലിലും കഴുത്തിലും ആഴത്തിൽ മുറിവേറ്റ സുധാകരൻ തത്‌ക്ഷണം മരിച്ചു. നിലവിളികേട്ട് തടസ്സം പിടിക്കാനെത്തിയ ലക്ഷ്മിയുടെ ദേഹമാസകലം വെട്ടേറ്റു.
അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ചെന്താമര സ്വന്തം വീട്ടിലേക്ക് ഓടിക്കയറി വാതിലടച്ചു. കൊടുവാൾ അലമാരയിൽ വെച്ചശേഷം പിൻവാതിലിലൂടെ പാടത്തേക്ക് ചാടി രക്ഷപ്പെട്ടു. നെന്മാറ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ലക്ഷ്മി മരിച്ചത്.
നെന്മാറ പൊലീസ് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധമുയർത്തി. കളക്ടർ സംഭവസ്ഥലത്ത് എത്തിയാലേ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്നായിരുന്നു അവരുടെ നിലപാട്. കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിലാണ് ഇവരെ അനുനയിപ്പിച്ചത്.
പരേതനായ അപ്പായിയാണ് ലക്ഷ്മിയുടെ ഭർത്താവ്. സജിതയുടെ മരണശേഷം സുധാകരൻ ആളിയാർ സ്വദേശിനി ജസിയെ വിവാഹംചെയ്തിരുന്നു. സുധാകരന്റെ മക്കൾ: അതുല്യ, അഖില. സഹോദരങ്ങൾ: സുരേന്ദ്രൻ, സുനിത, സുമ.