Follow the FOURTH PILLAR LIVE channel on WhatsApp
കൊച്ചി: കൊടകര കവര്‍ച്ചാക്കേസില്‍ ഇ.ഡി. അന്വേഷണം അവസാനിപ്പിച്ചു. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാവും ഇ.ഡി. കുറ്റപത്രത്തിലും ഉണ്ടാവുക. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഇ.ഡിയുടെ അന്വേഷണം കവര്‍ച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങി. പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നുമില്ല.
കള്ളപ്പണ കവര്‍ച്ചാ കേസില്‍ പണത്തിന്റെ ഉറവിടമാണ് കണ്ടെത്തേണ്ടത് എന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്. പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി പണത്തിന്റെ ഉറവിടം സംബന്ധിച്ച റിപ്പോര്‍ട്ട് ഇ.ഡിക്ക് കൈമാറിയിരുന്നു. പണത്തിന്‍റെ ഉറവിടം കര്‍ണാടകയിലെ ബി.ജെ.പിയുടെ രാജ്യസഭാംഗമുള്ളവരടക്കമാണെന്ന റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് സംഘം ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഇ.ഡി. ഇതിലേക്ക് അന്വേഷണം കൊണ്ടുപോയില്ല. കവര്‍ച്ചയ്ക്ക് ശേഷം ഈ പണം ആരിലേക്കെത്തി എന്ന അന്വേഷണം മാത്രമാണ് ഇ.ഡി നടത്തിയത്.
കേസില്‍ നാലാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇ.ഡി. ഒരുങ്ങുമ്പോഴും അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയില്ലെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശം. ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന സതീഷ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വീണ്ടും കൊടകര കള്ളപ്പണക്കേസ് ഉയര്‍ന്നുവന്നത്.
2021 ഏപ്രില്‍ 3ന് തൃശ്ശൂരിലെ കൊടകരയില്‍ നടന്ന ഹൈവേ കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് 3 ദിവസം മുമ്പ്, പ്രചാരണത്തിനായി 3.5 കോടി രൂപ കടത്തുന്ന കാറിനെ പിന്തുടര്‍ന്ന ഒരു സംഘം കൊടകരയ്ക്ക് സമീപം വ്യാജ വാഹനാപകടം സൃഷ്ടിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി പണം കൊള്ളയടിച്ചു. കുഴല്‍പ്പണമായി എത്തിയത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു സതീഷ് വെളിപ്പെടുത്തിയത്. ചാക്കുകെട്ടുകളിലായാണ് പണം എത്തിച്ചതെന്നും പണം കൊണ്ടുവന്നവര്‍ക്ക് മുറി എടുത്ത് നല്‍കിയത് താനാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.