ന്യൂഡല്‍ഹി: ഐ.സി.സി.യുടെ 2024-ലെ ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ബഹുമതി നേടി ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ. പോയ വര്‍ഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടെ ബുംറ ആവര്‍ത്തിച്ച മികവ് കണക്കിലെടുത്താണ് ബഹുമതി. ടെസ്റ്റില്‍ കഴിഞ്ഞവര്‍ഷം 13 മത്സരങ്ങളില്‍നിന്നായി 357 ഓവര്‍ എറിഞ്ഞ ബുംറ, 71 വിക്കറ്റുകള്‍ നേടിയിരുന്നു. 14.92 ശരാശരി പ്രകടനമാണ് നടത്തിയത്.
Follow the FOURTH PILLAR LIVE channel on WhatsApp
ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറാണ് ബുംറ. രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രവിചന്ദ്രന്‍ അശ്വിന്‍, വിരാട് കോലി എന്നിവരാണ് ബുംറയ്ക്കു മുമ്പ് ഐ.സി.സിയുടെ ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങള്‍.
ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ്, ഇംഗ്ലീഷ് ബാറ്റര്‍മാരായ ഹാരി ബ്രൂക്ക്, ജോ റൂട്ട് എന്നിവരെ മറികടന്നാണ് ബുംറ 2024ലെ ഏറ്റവും മികച്ച ടെസ്റ്റ് താരമായത്. ടെസ്റ്റില്‍ ഒരു വര്‍ഷം 70ലധികം വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ബുംറ. നേരത്തേ രവിചന്ദ്രന്‍ അശ്വിന്‍, അനില്‍ കുംബ്ലെ, കപില്‍ദേവ് എന്നിവര്‍ ഈ നേട്ടം കൈവരിച്ചിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ 17 ബൗളര്‍മാര്‍ മാത്രമാണ് ഒരു കലണ്ടര്‍ വര്‍ഷം 70ലേറെ വിക്കറ്റ് വീഴ്ത്തിയവര്‍.
2024ല്‍ ഇന്ത്യന്‍ പിച്ചുകളിലും വിദേശ പിച്ചുകളിലും ഒരുപോലെ തിളങ്ങാന്‍ ബുംറയ്ക്കായി. ബുംറയുടെ മികവില്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കടുത്ത പോരാട്ടം നടത്തി. എന്നാല്‍ കിരീടം നേടുന്നതില്‍ ഇത്തവണയും പരാജയപ്പെട്ടു.
2024ല്‍ കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ബുംറയുടെ ആദ്യ തേരോട്ടം. ടെസ്റ്റില്‍ 8 വിക്കറ്റുകള്‍ നേടി. പിന്നീട് ഇംഗ്ലണ്ടിനെതിരേ 4-1ന് ജയിച്ച മത്സരത്തില്‍ 19 വിക്കറ്റുകളും സ്വന്തമാക്കി. വിശാഖപട്ടണത്തില്‍ നടന്ന ടെസ്റ്റില്‍ നേടിയ 9 വിക്കറ്റുകള്‍ ഉള്‍പ്പെടെയാണിത്. വര്‍ഷത്തില്‍ അവസാനം നടന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ 5 മത്സരങ്ങളില്‍നിന്നായി 32 വിക്കറ്റുകള്‍ നേടി. പരമ്പരയില്‍ താരമാവാനും ബുംറയ്ക്കായി.
ടെസ്റ്റ് ക്രിക്കറ്റില്‍ 20ല്‍ താഴെ ബൗളിങ് ശരാശരിയില്‍(19.4) 200 വിക്കറ്റെടുക്കുന്ന ആദ്യ ബൗളറുമാണ് ജസ്പ്രീത് ബുംറ. നേരത്തെ ഐ.സി.സി. പ്രഖ്യാപിച്ച ഐ.സി.സി. ടെസ്റ്റ് ടീമിലും ബുംറ ഇടം നേടിയിരുന്നു. ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് പോയിന്‍റോടെ(907) ആണ് കഴിഞ്ഞ വര്‍ഷം ബുംറ ഒന്നാം സ്ഥാനം നേടിയത്.
ഐ.സി.സി. തിരഞ്ഞെടുത്ത 2024ലെ ടീം: യശസ്വി ജയ്‌സ്വാള്‍, ബെന്‍ ഡക്കറ്റ്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, കാമിന്ദു മെന്‍ഡിസ്, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ജസ്പ്രിത് ബുംറ.