Follow the FOURTH PILLAR LIVE channel on WhatsApp
കോട്ടയം: എന്‍.ഡി.എ മുന്നണി വിടണമെന്ന ആവശ്യവുമായി ബി.ഡി.ജെ.എസ്. കോട്ടയം ജില്ലാ കമ്മറ്റി. ഈ ആവശ്യമുയര്‍ത്തി പാര്‍ട്ടി ജില്ല പ്രവര്‍ത്തന ക്യാമ്പില്‍ പ്രമേയം പാസാക്കി. പാര്‍ട്ടിയുടെ ജില്ലയിലെ 18 നിയോജക മണ്ഡലം ഭാരവാഹികളും ജില്ലാ-സംസ്ഥാന ഭാരവാഹികളും ഉള്‍പ്പെടെ പങ്കെടുത്ത ജില്ലാ നേതൃ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്.
എന്‍.ഡി.എയില്‍ പാര്‍ട്ടി കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. ബി.ജെ.പി. ചേര്‍ത്ത് പിടിച്ചില്ല. കഴിഞ്ഞ 9 വര്‍ഷമായി മുന്നണിയില്‍ ഒരു പരിഗണനയും ലഭിച്ചില്ല. അര്‍ഹമായ സ്ഥാനമാനങ്ങള്‍ പോലും നല്‍കിയില്ല. അതിനാല്‍ എന്‍.ഡി.എ. വിടണമെന്നും മറ്റ് മുന്നണികളില്‍ പ്രവേശിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
തുടര്‍ തീരുമാനങ്ങള്‍ക്കായി സംസ്ഥാന അധ്യക്ഷനെ ചുമതലപ്പെടുത്തിയാണ് പ്രമേയം അവസാനിക്കുന്നത്. എന്നാല്‍ ബി.ഡി.ജെ.എസ്. സംസ്ഥാന നേതൃത്വമോ തുഷാര്‍ വെള്ളാപ്പള്ളിയോ ഇതിനോട് പ്രതികരിച്ചിട്ടില്ല.