29 C
Trivandrum
Tuesday, February 11, 2025

ചിരിക്കാലം മറഞ്ഞു; സംവിധായകൻ ഷാഫിക്ക് വിട

കൊച്ചി ∙ മലയാളിയെ കുടുകുടെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഷാഫി (56) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ആയിരുന്നു വിയോഗം.

ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ്‌ ഷാഫി ജനുവരി 16ന് ഷാഫിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

1968 ഫെബ്രുവരിയിൽ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പിൽ തറവാട്ടിലാണ് എം.എച്ച്.റഷീദ് എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. ഷാമിലയാണ് ഷാഫിയുടെ ഭാര്യ. അലീമ, സൽമ എന്നിവർ മക്കൾ. പ്രശസ്ത സംവിധായകൻ സിദ്ദീഖ് ഷാഫിയുടെ അമ്മാവനാണ്; സംവിധായകനും നടനുമായ റാഫി സഹോദരനും.

കലാകാരന്മാരായ അമ്മാവന്മാരും മറ്റു ബന്ധുക്കളുമൊക്കെ സിനിമയും മറ്റും ചർച്ച ചെയ്യുന്നതു കേട്ടു വളർന്ന ഷാഫിയിലും കുട്ടിക്കാലത്തുതന്നെ സിനിമാ മോഹമുണ്ടായി. സ്കൂൾ കാലത്ത് മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചിരുന്നു. അമ്മാവൻ സിദ്ദീഖ് സിനിമയിലെത്തിയതോടെ അതു ശക്തവുമായി.

സഹോദരൻ റാഫിയുടെയും അമ്മാവൻ സിദ്ദിഖിന്റെയും പാത പിന്തുടർന്ന് സിനിമയിലെത്തിയ ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനൻ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരൻ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001 ൽ ജയറാം നായകനായ വൺ‌മാൻ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമൻ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.

മായാവി, തൊമ്മനും മക്കളും, പുലിവാൽ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാൻ, ചട്ടമ്പിനാട്, ടു കൺട്രീസ് തുടങ്ങി ബോക്സ് ഓഫിസിൽ പണക്കിലുക്കവും പ്രേക്ഷകരിൽ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മജാ. 2022ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.

മൃതദേഹം ഞായറാഴ്ച രാവിലെ ഇടപ്പള്ളി ബി.ടി.എസ്. റോഡിലുള്ള സ്വവസതിയിലും തുടർന്ന് 9 മുതൽ 12 വരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സഹകരണ ബാങ്ക് ഹാളിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം 4ന് കലൂർ മുസ്‌ലിം ജമാഅത്ത് പള്ളിയിൽ.

Follow the FOURTH PILLAR LIVE channel on WhatsApp 

Recent Articles

Related Articles

Special

Enable Notifications OK No thanks