കോഴിക്കോട്∙ പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്ത് 4 വിനോദസഞ്ചാരികൾ തിരയിൽപ്പെട്ടു മരിച്ചു. ഒരാൾ രക്ഷപ്പെട്ടു. വയനാട് കൽപ്പറ്റ സ്വദേശികളായ വാണി (39), അനീസ (38), വിനീഷ് (45), ഫൈസൽ (42) എന്നിവരാണു മരിച്ചത്. വൈകിട്ട് 4നായിരുന്നു അപകടം. കല്പറ്റ ബോഡി ഷേപ്പ് എന്ന ജിമ്മിലെ 25 അംഗ സംഘമാണു കടൽ കാണാനെത്തിയത്. ഇവരിൽ 5 പേർ കടലിൽ ഇറങ്ങുകയായിരുന്നു.
തിരയിൽപെട്ടവരിൽ ജിൻസി അദ്ഭുതകരമായി രക്ഷപ്പെട്ടു കരയിൽ കയറി. മറ്റു 4 പേർ തിരയിൽ ഒലിച്ചുപോയെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ രക്ഷാപ്രവർത്തനത്തിൽ 3 പേരെ കരയിൽ എത്തിച്ചു. ഇവരെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 1 മണിക്കൂർ കഴിഞ്ഞാണു നാലാമത്തെയാളെ കടലിലെ പാറയിൽ തങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
ഹരിതഗിരി ഹോട്ടൽ മാനേജർ അമ്പിലേരി സ്വദേശി സതീശന്റെ ഭാര്യയാണു മരിച്ച വാണി. തരുവണ സ്വദേശി അനീസ ജിം ട്രെയിനറാണ്. പ്രാദേശിക രാഷ്ട്രീയ നേതാവാണ് ബിനീഷ്. 3 പേരുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ്.
കടൽ ഉൾവലിഞ്ഞിട്ടുണ്ടെന്നും ആഴവും അടിയൊഴുക്കും ഉള്ളതിനാൽ ആരും ഇവിടെ ഇറങ്ങാൻ തയാറാവില്ലെന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് പറഞ്ഞു. ഇവരോട് കടലിൽ ഇറങ്ങരുതെന്നു നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. കൈകോർത്തു പിടിച്ച് സംഘം കടലിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നും ജമീല വ്യക്തമാക്കി.