സുൽത്താൻബത്തേരി: ഡി.സി.സി. ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്ത കേസിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ 3 ദിവസമായി ബാലകൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയായിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
നേരത്തെ ബാലകൃഷ്ണൻ്റെ വീട്ടില്‍ സംയുക്ത അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. കേണിച്ചിറ പണപ്പാടിയിലെ വീട്ടില്‍ സംയുക്തസംഘം അന്വേഷണ ഉദ്യോഗസ്ഥന്‍ ബത്തേരി ഡി.വൈ.എസ്.പി. കെ.കെ.അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉച്ചയ്ക്ക് 1.30ഓടെയെത്തിയ സംഘം 2.15ഓടെ മടങ്ങി.
ആത്മഹത്യാപ്രേരണ കേസില്‍ ഒന്നാംപ്രതിയായ എം.എല്‍.എയെ ലിമിറ്റഡ് കസ്റ്റഡിയില്‍ 3 ദിവസം ചോദ്യംചെയ്തിരുന്നു. ലിമിറ്റഡ് കസ്റ്റഡി അവസാനിച്ച ശനിയാഴ്ച എം.എല്‍.എ.യുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍ അടക്കമുള്ള 6 അംഗ സംഘമാണ് വെള്ളിയാഴ്ച എം.എല്‍.എ.യെ ചോദ്യംചെയ്തത്.
കേസിലെ മറ്റു പ്രതികളായ ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ.ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റ് ലിമിറ്റഡ് കസ്റ്റഡി തീരുന്ന ദിവസമാണ് രേഖപ്പെടുത്തിയത്. കോടതി മുന്‍കൂർ ജാമ്യം അനുവദിച്ചതിനാല്‍ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.