കൊച്ചി: സ്ത്രീ പുരുഷ സമത്വവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ആരോപണത്തിൽ കാന്തപുരം അബൂബക്കർ മുസലിയാർക്കെതിരെ വിമർശം ആവർത്തിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കാന്തപുരത്തിന്റെ പേര് എടുത്തു പറയാതെയായിരുന്നു വിർശനം.
Follow the FOURTH PILLAR LIVE channel on WhatsApp
സ്ത്രീക്ക് പുരുഷനൊപ്പം തുല്യത വേണമെന്നു പറഞ്ഞതിന് ചിലർ പ്രകോപിതരാവുകയാണ്. ആരും പ്രകോപിതരായിട്ട് കാര്യമില്ല. തുല്യത സമ്മതിച്ചു കൊടുക്കാത്തവരെ എന്താണു വിളിക്കേണ്ടതെന്നു താൻ പറയുന്നില്ല. ഒരു വ്യക്തിയേയോ സമുദായത്തേയോ ഉദ്ദേശിച്ചല്ല, മറിച്ച് ഒരു സമൂഹത്തെ ഉദ്ദേശിച്ചാണ് പറയുന്നത് -സി.പി.എം. എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും കൂടി വോട്ട് നേടിയാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ ജയിച്ചതെന്ന ആരോപണവും എം.വി.ഗോവിന്ദൻ ആവർത്തിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിലെ 2 നിയമസഭാ മണ്ഡലങ്ങൾ മലപ്പുറം ജില്ലയിലും 1 കോഴിക്കോടുമാണ്. ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും ചേർന്നു മുസ്‌ലിം ലീഗിനെ തടവറയിലാക്കിയപ്പോൾ കോൺഗ്രസ് അതിന്റെ ഗുണഭോക്താവായി മാറി. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനു കിട്ടിയ 10,000 വോട്ട് തങ്ങളുടേതാണെന്ന് എസ്.ഡി.പി.ഐ. അവകാശപ്പെട്ടിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ 4,000 വോട്ടും ബി.ജെ.പിയിൽ നിന്നു വാങ്ങിയ 4,000 വോട്ടും ചേർന്നതാണു രാഹുലിന്റെ ഭൂരിപക്ഷം -അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനു മുൻപു തന്നെ കോൺഗ്രസിനു 3 മുഖ്യമന്ത്രി സ്ഥാനാർഥികളായെന്നും എം.വി.ഗോവിന്ദൻ പരിഹസിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനെ മാറ്റാൻ നടക്കുമ്പോൾ സുധാകരൻ മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കാണുന്നു. രമേശ് ചെന്നിത്തലയും അതേ ലാക്കോടെയാണു പ്രവർത്തനം. സമയമാകുമ്പോഴേക്കും കെ.സി.വേണുഗോപാൽ കൂടി വരും. അങ്ങനെ 4 പേരാവും കോൺഗ്രസിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർഥികള്‍. ലോക്സഭാ തിരഞ്ഞെടുപ്പു വിജയം കണ്ടുള്ള മത്സരമാണിത്. എന്നാൽ യു.ഡി.എഫിനെ മൂന്നാം ടേമും പ്രതിപക്ഷത്തിരുത്തി എൽ.ഡി.എഫ്. സർക്കാർ വീണ്ടും അധികാരത്തിൽ വരും. – ഗോവിന്ദൻ പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ യു.ഡി.എഫിന് 123 നിയമസഭാ മണ്ഡലങ്ങളിൽ മേൽക്കൈ ഉണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ 99 സീറ്റ് നേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിൽ വന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 113 സീറ്റിലാണ് മേൽക്കൈ എന്നും അദ്ദേഹം പറഞ്ഞു.
അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന് സമസ്ത കാന്തപുരം പറഞ്ഞതോടെയാണ് വിവാദത്തിൻറെ തുടക്കം. പൊതു ഇടങ്ങളിലേക്ക് സ്ത്രീകൾ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവർക്ക് പിടിച്ചു നിൽക്കാനാവില്ലെന്നും എം.വി.ഗോവിന്ദൻ അതിന് മറുപടി നൽകി. പിന്നാലെ കണ്ണൂർ ജില്ലയിൽ സി.പി.എമ്മിന് ഒരു വനിതാ ഏരിയാ സെക്രട്ടറിയുണ്ടോ എന്ന ചോദ്യവുമായി കാന്തപുരവും രംഗത്തെത്തി. ഏരിയ സെക്രട്ടറിമാരെ തിരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷൻമാരാണെന്നും കാന്തപുരം വിമർശിച്ചു.