കല്പറ്റ: മകന് വിഷം നൽകിയ ശേഷം ജീവനൊടുക്കിയ വയനാട് ഡി.സി.സി. ട്രഷറർ എൻ.എം.വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ വയനാട് എം.പിയുടെ സ്റ്റാഫംഗങ്ങളുടെ പേരും. രാഹുൽ ഗാന്ധി എം.പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന കെ.എ.മുജീബ്, പ്രിയങ്കാ ഗാന്ധി എം.പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ എന്നിവരുടെ പേരുകളാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.
ബത്തേരി എം.എൽ.എ. ഐ.സി.ബാലകൃഷ്ണന് താൻ 7 ലക്ഷം രൂപ കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് എൻ.എം. വിജയൻ്റെ കുറിപ്പിൽ പറയുന്നത്. ബിജു തൊടുവണ്ടി എന്ന വ്യക്തിയുടെ കയ്യിൽ നിന്ന് വാങ്ങിയ പണമാണ് എം.എൽ.എയ്ക്ക് നൽകിയത്. പണം തിരികെ നൽകാതെ വന്നപ്പോൾ ബിജു ഇക്കാര്യം ബാലകൃഷണനോട് തിരക്കിയിരുന്നു. എന്നാൽ ഇത് തിരിച്ചു കൊടുക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പിന്നാലെ രതീഷിൻ്റെയും മുജീബിൻ്റെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വന്നുവെന്നും കുറിപ്പിൽ വ്യക്തമായി പറയുന്നു. 2017-18 വർഷമാണ് കുറിപ്പിൽ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ സ്റ്റാഫംഗമായിരുന്ന മുജീബ് എം.പി. ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിലെ പ്രതിയാണ്.
വിജയൻ്റെയും മകൻ്റയെും മരണത്തിൽ എം.എൽ.എയുടെ ചോദ്യം ചെയ്യൽ വെള്ളിയാഴ്ച തുടരവെയാണ് ഇക്കാര്യം കൂടി പുറത്തുവരുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എം.എൽ.എ. നിഷേധിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് ബാലകൃഷ്ണൻ മൊഴി നൽകി.
കേസിൽ ഒന്നാം പ്രതിയായ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയ്ക്കും ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചനും കെ.കെ.ഗോപിനാഥനും കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കല്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.