29 C
Trivandrum
Saturday, March 15, 2025

ആലുവയിലെ അനധികൃത ഭൂമി: പി.വി.അൻവറിനെതിരെ വിജിലൻസ് അന്വേഷണം

Follow the FOURTH PILLAR LIVE channel on WhatsApp 

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ വിജിലൻസ് അന്വേഷണം. ആലുവയിൽ 11ഏക്കർ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം.

പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലൻസിന് പരാതി കിട്ടിയിരുന്നു. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രന്‍റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പ്രാഥമികാന്വേഷണം നടത്തിയ വിജിലൻസ് വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവായിട്ടുണ്ട്.

ആലുവ എടത്തലയിൽ 11 ഏക്കർ ഭൂമി 99 വർഷത്തേക്ക് അൻവർ പാട്ടത്തിനെടുത്തിരുന്നു. അത് വ്യാജരേഖ ചമച്ചു സ്വന്തമാക്കുക മാത്രമല്ല അതേ സ്ഥലം പണയം വെച്ച് 14 കോടി രൂപ വായ്പയെടുക്കുകയും ചെയ്തു. അൻവർ ഈ ഭൂമിയിൽ സർക്കാരിന്റെ അനുമതിയില്ലാതെ ബഹുനില കെട്ടിടവും പണിതു. ഇതു സംബന്ധിച്ച പരാതി വന്നതിനെത്തുടർന്ന് ഡിസംബർ 24 നാണ് അഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലൻസ് യൂണിറ്റിന് കൈമാറി. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് 2നാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളിൽ റിപ്പോർട്ട് നൽകാനാണ് നി‍ർദ്ദേശം.

ആരോപണത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടക്കുന്നത് അൻവർ എം.എൽ.എ. ആയിരുന്ന കാലത്താണ്. അതിനാൽ ചെറിയൊരരു മെല്ലെപ്പോക്ക് അന്വേഷണത്തിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അൻവർ എം.എൽ.എ. അല്ല, ഭരണപക്ഷത്തും അല്ല. അതിനാൽ അന്വേഷണത്തിന് ഗതിവേഗം കൂടിയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയിൽ മുന്നോട്ട് പോയാൽ ഉറപ്പായും അൻവറിന് കുരുക്കായി മാറും.

Recent Articles

Related Articles

Special

Enable Notifications OK No thanks