Follow the FOURTH PILLAR LIVE channel on WhatsApp
മുംബൈ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ആശുപത്രി വിട്ടത്. ബാന്ദ്രയിലെ തന്നെ പഴയ വീടായ ഫോര്‍ച്യൂണ്‍ ഹൈറ്റ്‌സിലായിരിക്കും താരം ഇനി താമസിക്കുകയെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളെങ്കിലും ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍ നേരെ പോയത് സത്ഗുരു ശരണിലേക്കാണ്. ഇവിടെ വെച്ചായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
5 ദിവസത്തോളം മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സെയ്ഫ് അലിഖാന്‍. ചൊവ്വാഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ താരത്തിന്റെ അമ്മ ശര്‍മിള ടാഗോര്‍, ഭാര്യ കരീന കപൂര്‍, മകള്‍ സാറാ അലിഖാന്‍ എന്നിവര്‍ ആശുപത്രയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു. ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ആശുപത്രി വിടാന്‍ വീണ്ടും മണിക്കൂറുകള്‍ എടുത്തു. കറുപ്പ് പോര്‍ഷെ കാറിലാണ് താരം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് തിരിച്ചത്.
ആശുപത്രി വിട്ട് വീട്ടിലെത്തിയ താരം അവിടെ കൂടി നിന്നവരെ അഭിവാദ്യം ചെയ്തു. നീല ജീന്‍സും വെള്ള ഷര്‍ട്ടും കറുപ്പ് സണ്‍ഗ്ലാസും ധരിച്ച അദ്ദേഹത്തെ ആരോഗ്യവാനായാണ് കാണപ്പെട്ടത്. കൈയില്‍ ഒരു ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റതിന്റെ അടയാളവും ദൃശ്യമാണ്. താരത്തിന്റെ വീടിന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.