തിരുവനന്തപുരം: ഇത്തവണ ശബരിമല മണ്ഡല–-മകരവിളക്ക് തീർഥാടന കാലയളവിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുണ്ടായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 53,09,906 പേർ ദർശനത്തിന് എത്തി. അതിൽ 10,03,305 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,32,308 പേർ കൂടുതലായെത്തി.
സന്നിധാനത്തെ ഈ വർഷത്തെ വരുമാനം 440 കോടിയാണ്. കഴിഞ്ഞ വർഷം 360 കോടിയായിരുന്നു. 30 ലക്ഷത്തിലേറേ പേർക്ക് അന്നദാനം നൽകി. അപ്പവും അരവണയും പരാതിയില്ലാതെ വിതരണം ചെയ്തു. വെർച്വൽക്യൂ, സ്‌പോട്ട് ബുക്കിങ് സംവിധാനത്തിലൂടെ ദിവസം 80000 പേർക്ക് ദർശനം നൽകാൻ തീരുമാനിച്ചിടത്ത് 90,000 മുതൽ 1,08,000 പേർക്ക് ദർശനം നൽകി.
ശബരിമലയിൽ റോപ്‌വേ പദ്ധതിയുടെ നിർമാണം ബി.ഒ.ടി. അടിസ്ഥാനത്തിൽ ഒരു മാസത്തിനകം ആരംഭിക്കും. ഒന്നര വർഷത്തിനകം പൂർത്തിയാക്കും. റോപ് വേ വരുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന ഡോളി തൊഴിലാളികളെ പുനരധിവസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്.പ്രശാന്തും ഉദ്യോഗസ്ഥരും പങ്കെടുത്തു.