കൊച്ചി: ടൊവിനോ തോമസിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് നായകൻ്റെ പിറന്നാൾ ദിനമായ ജനുവരി 21ന് തന്നെ റിലീസ് ചെയ്തിരിക്കുന്നത്.
പ്രേക്ഷകരില്‍ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നായകനായ ടൊവിനോ തോമസിനെ അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് യൂണിഫോമിൽ പകുതി ഭാഗം മറച്ചാണ് നായകനെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് സൂചന പകരുന്ന രീതിയിലാണ് ഈ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
ഒരു നാടിൻ്റെ അവകാശ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ പുരോഗതി. നിരവധി സാമൂഹിക പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന ഈ ചിത്രം വൻ മുതൽമുടക്കിൽ വലിയ കാൻവാസിലാണ് അവതരണം. ഏറെ സാമൂഹികപ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പൊലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിൻ്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ടൊവിനോയാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജി.സി.സി. ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു .എ .ഇ യിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മ്മിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. കുട്ടനാട്ടില്‍ ചിത്രീകരണം ആരംഭിച്ച നരിവേട്ട പിന്നീട് കാവാലത്തും പുളിങ്കുന്നിലും ചങ്ങനാശ്ശേരിയിലും വയനാട്ടിലുമായി 80 ദിവസത്തോളം നീണ്ടു.
ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം നായകന്‍ ടൊവിനോ തോമസ് ഉള്‍പ്പെടെയുള്ള ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം സംസാരിക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ് ഈ ചിത്രമെന്ന് ടൊവിനോ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടമാണ് നരിവേട്ട എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൊവിനോയ്‌ക്കൊപ്പം ഈ ചിത്രത്തിൽ പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും സുരാജ് വെഞ്ഞാറമൂടും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചേരന്റെ മലയാളത്തിലെ അരങ്ങേറ്റമാണിത്. പ്രിയംവദാ കൃഷ്ണയാണ് നായിക. ആര്യാ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, പ്രശാന്ത് മാധവൻ, എൻ.എം.ബാദുഷ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവർക്കൊപ്പം നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
സംഗീതം -ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം -വിജയ്, ചിത്രസംയോജനം -ഷമീർ മുഹമ്മദ്, കലാസംവിധാനം -ബാവ, ചമയം -അമൽ, വസ്ത്രാലങ്കാരം -അരുൺ മനോഹർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി, പ്രൊഡക്ഷൻ മാനേജർമാർ -റിയാസ് പട്ടാമ്പി, വിനയ് ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി.കെ. എൻ.എം.ബാദുഷയാണ് ഈ ചിത്രത്തിന്റെ എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ.