തലയ്ക്ക് 1 കോടി വിലയിട്ട നേതാവടക്കം 14 മാവോവാദികളെ വധിച്ചു

Follow the FOURTH PILLAR LIVE channel on WhatsApp 

റായ്പുർ: ഛത്തീസ്ഗഢ്-ഒഡിഷ അതിർത്തിയിൽ ​ഗരിയാബാദിലുണ്ടായ ഏറ്റുമുട്ടലിൽ 14 മാവോവാദികളെ സുരക്ഷാസേന വെടിവെച്ചുകൊന്നു. മാവോവാദികളുടെ പ്രധാന നേതാക്കളിലൊരാളും സെൽട്രൽ കമ്മിറ്റിയിലെ മുതിർന്ന അം​ഗവും ചലപതി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് നൽകുന്ന വിവരം. ജയറാം എന്നും ചലപതി എന്നും വിളിപ്പേരുള്ള പ്രതാപ് റെഡ്ഡി രാമചന്ദ്ര റെഡ്ഡിയുടെ തലയ്ക്ക് 1 കോടി രൂപ സുരക്ഷാസേന വിലയിട്ടിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പൊലീസ്, ഛത്തീസ്ഗഡിലെ കോബ്ര കമാന്‍ഡോകൾ, ഒഡിഷ സ്പെഷ്യൽ ഓപ്പറേഷൻ ​ഗ്രൂപ്പ്, സി.ആർ.പി.എഫ്. എന്നീ സേനകൾ സംയുക്തമായി നടത്തിയ ദൗത്യത്തിലാണ് മാവോവാദികൾ കൊല്ലപ്പെട്ടത്.

നക്സലിസത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അമിത് ഷാ അഭിനന്ദിച്ചു. ഗരിയബന്ദ് എസ്.പി. നിഖിൽ രഖേച്ച, ഒഡീഷയിലെ നുവാപഡ എസ്.പി. രാഘവേന്ദ്ര, ഒഡീഷ മാവോയിസ്റ്റ് ഓപ്പറേഷൻ ഡി.ഐ.ജി. അഖിലേശ്വർ സിങ്, കോബ്രാ ബി.എൻ. 207 കമാൻഡൻ്റ് ഡി എസ്.കതൈത് എന്നിവരാണ് അന്തർസംസ്ഥാന സംയുക്ത ഓപ്പറേഷന് നേതൃത്വം നൽകുന്നത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ഈ വർഷം ഒഡീഷ സുരക്ഷാ സേനയുമായി ചേർന്ന് ഛത്തീസ്ഗഡിൽ സംയുക്തമായി നടത്തുന്ന രണ്ടാമത്തെ ഓപ്പറേഷനാണിത്. ജനുവരി 16ന് ഛത്തീസ്ഗഡിലെ ബിജാപുര്‍ ജില്ലയുടെ തെക്കന്‍ ഭാഗത്തുള്ള വനത്തില്‍ സംയുക്ത സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ജനുവരി 12ന് 3 മാവോവാദികള്‍ കൊല്ലപ്പെട്ടതാണ് ഇതിന് തൊട്ടുമുമ്പുണ്ടായ സംഭവം. ജനുവരി 9, 6 തീയതികളിലും ഏറ്റുമുട്ടലുകളില്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിരുന്നു.

ഇതോടെ ഛത്തീസ്ഗഡിൽ ഈ വർഷം ഇതുവരെ 40 മാവോയിസ്റ്റുകളാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 219 മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.

Recent Articles

Related Articles

Special