Follow the FOURTH PILLAR LIVE channel on WhatsApp
ചെന്നൈ: വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ തെലുങ്ക് നടൻ വിജയ രംഗരാജു വിടവാങ്ങി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു.
മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദില്‍ സ്ഥിരതാമസക്കാരനാണ് അദ്ദേഹം. രാജ് കുമാര്‍ എന്നാണ് യഥാര്‍ഥ പേര്. ഹൈദരാബാദില്‍ ഷൂട്ടിങ്ങിനിടെ പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടുവന്നു. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.
വിജയ രംഗരാജു ചെന്നൈയിൽ തിയറ്റര്‍ നടനായാണ് പിന്നീട് സിനിമാ മേഖലയില്‍ എത്തിച്ചേര്‍ന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദീപത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. ഗോപിചന്ദിന്‍റെ യജ്ഞം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി. അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു.
തെലുങ്ക്, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പല സൂപ്പര്‍താര ചിത്രങ്ങളിലും വില്ലന്‍ സഹനടന്‍ വേഷങ്ങളില്‍ ഇദ്ദേഹം തിളങ്ങി. മലയാളത്തില്‍ അനുരാഗക്കോടതി, പടയോട്ടം, ആയുധം, ആരംഭം, ആധിപത്യം, സംരംഭം, ഹലോ മദ്രാസ് ഗേള്‍, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യമൃഗം എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു. ദീക്ഷിത, പത്മിനി എന്നിവരാണ് വിജയ രംഗരാജുവിൻ്റെ മക്കൾ.