Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സര്‍വകലാശാലകളിലെ വി.സി. നിയമനത്തില്‍ ചാന്‍സലര്‍ക്ക് സര്‍വാധികാരം നല്‍കുന്ന യു.ജി.സി. ചട്ടത്തിനെതിരായ നിയമയുദ്ധത്തില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പിന്തുണതേടി കേരളം. ബി.ജെ.പി. ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാരുടെ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് ധാരണയായിട്ടുള്ളത്.
നിയമസഭകള്‍ പാസാക്കിയ സംസ്ഥാന നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നതാണ് സര്‍വകലാശാലകള്‍ എന്നാണ് കേരളത്തിൻ്റെ പ്രധാന വാദം. ഈ സംസ്ഥാനത്തിൻ്റെ നിയമത്തിനു മുകളിലല്ല യു.ജി.സിയുടെ ചട്ടം. വിദ്യാഭ്യാസ കാര്യങ്ങളിൽ 76 ശതമാനം ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. അതിനാൽത്തന്നെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഏകീകരിക്കാനും നിശ്ചയിക്കാനും മാത്രമേ കേന്ദ്രത്തിനും യു.ജി.സിക്കും അധികാരമുള്ളൂ.
യു.ജി.സി. കരടുചട്ടം സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശത്തിന്മേലുള്ള കടന്നുകയറ്റവും ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനവുമാണെന്നും കേരളം പറയുന്നു.
യു.ജി.സി. കരടുചട്ടം ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം സി.പി.എം. കേന്ദ്രകമ്മിറ്റി കേരള ഘടകത്തിന് അനുമതി നല്‍കി. ഇതനുസരിച്ച് യു.ജി.സി. ചട്ടം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താമസിയാതെ സുപ്രീംകോടതിയെയും സമീപിക്കും. ഇതിനും പ്രതിപക്ഷ സംസ്ഥാനങ്ങളുടെ പിന്തുണതേടും. യു.ജി.സി. ചട്ടം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞയാഴ്ച കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് കത്തയച്ചിരുന്നു.
കരടുചട്ടത്തെ അപലപിച്ച് നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിയമസഭയിൽ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷത്തിന്റെ പിന്തുണ അഭ്യര്‍ഥിക്കും. യു.ജി.സി. മാര്‍ഗരേഖയില്‍ പ്രമേയം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്റെ പൊതുവികാരം പ്രകടിപ്പിച്ച് പ്രമേയം കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കും.
ആരോഗ്യ സര്‍വകലാശാല ഒഴികെ സംസ്ഥാനത്തെ സര്‍വകലാശാലകളിലൊന്നും സ്ഥിരം വി.സി.യില്ല. പുതിയ മാര്‍ഗരേഖ ചാന്‍സലര്‍ക്ക് പൂര്‍ണനിയന്ത്രണം നല്‍കിയതോടെ, അതിന്റെ അടിസ്ഥാനത്തിലുള്ള പുതിയ വി.സി. നിയമനങ്ങള്‍ക്ക് തടയിടുകകൂടിയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.