Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വധശിക്ഷക്ക് വിധിച്ചതോടെ തൂക്കുകയർ വിധിക്കപ്പെടുന്ന കേരളത്തിലെ പ്രായം കുറഞ്ഞ വനിതാ കുറ്റവാളിയായി ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ മാറി. കേരളത്തിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രമാണ് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഒരു സ്ത്രീ മാത്രമാണ് നിലവിൽ കേരളത്തിലെ ജയിലുകളിൽ വധശിക്ഷ കാത്ത് കഴിയുന്നത്. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി കൊലക്കേസിൽ കോവളം സ്വദേശി റഫീക്ക ബീവിയാണിത്.
തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂരിൽ മോഷണത്തിനായി വയോധികയെ കൊലപ്പെടുത്തി ചാക്കിലാക്കി തട്ടിൻപുറത്ത് ഉപേക്ഷിച്ച കേസിലെ ഒന്നാം പ്രതിയാണ് റഫീഖ ബീവി. ഒരു വർഷം മുമ്പ് ഇതേ നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ റഫീക്കയുടെ മകൻ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കും ശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജിയുമാണ് തിങ്കളാഴ്ച ഷാരോൺ കേസും പരിഗണിച്ചത്.
2022 ജനുവരി 14നാണ് മുല്ലൂർ ശാന്തകുമാരി കൊല്ലപ്പെട്ടത്. ശാന്തകുമാരിയുടെ അയൽവാസിയായിരുന്നു റഫീഖാ ബീവി. റഫീഖാ ബീവി വാടകവീടൊഴിഞ്ഞ് പോയതിനു പിന്നാലെ വീട്ടുടമ വീട്ടിലെത്തി നോക്കിയപ്പോള്‍ മച്ചില്‍നിന്നു രക്തം പുറത്തേക്കൊഴുകുന്നത് കാണുകയായിരുന്നു. റഫീഖാ ബീവിയാണ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം വീട്ടുടമ കരുതിയത്. പിന്നീടാണ് ശാന്തകുമാരിയെ കാണാതായെന്നും അവരാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് സ്ഥിരീകരിക്കുന്നത്. റഫീഖാ ബീവി മച്ചില്‍ ഒളിപ്പിച്ചിരുന്ന മൃതദേഹം മണിക്കൂറുകള്‍ പണിപ്പെട്ടാണ് പൊലീസ് പുറത്തെത്തിച്ചത്.
ശാന്തകുമാരിയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണം മോഷ്ടിക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി റഫീഖാ ബീവി ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നെന്നാണ് കേസ്. വാടക വീടെടുത്ത് താമസിച്ചതും കവര്‍ച്ച ലക്ഷ്യമിട്ടാണെന്നും പൊലീസ് പറയുന്നു. ആഭരണങ്ങളില്‍ ഒരു ഭാഗം പണയം വച്ചു. ബാക്കി പ്രതികളില്‍ നിന്നും പൊലീസ് കണ്ടെടുത്തു. കൊലയ്ക്ക് ശേഷം കോഴിക്കോട്ടേക്കു യാത്ര ചെയ്യുമ്പോഴാണ് റഫീഖാ ബീവി അടക്കമുള്ള പ്രതികളെ പൊലീസ് പിടികൂടിയത്.
ഈ കേസുമായി ചോദ്യം ചെയ്യലില്‍ റഫീഖാ ബീവിയും മകന്‍ ഷെഫീഖും മറ്റൊരു കൊലക്കേസിലും പ്രതികളാണെന്നു പൊലീസ് കണ്ടെത്തി. ഒരു വര്‍ഷം മുന്‍പു ദുരൂഹ സാഹചര്യത്തില്‍ മരിച്ച 14കാരിയുടേതും കൊലപാതകമെന്നു തെളിയുകയായിരുന്നു. റഫീഖാ ബീവിയുടെ മകൻ ഷെഫീഖ് ബലാത്സംഗം ചെയ്തതു പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു ഇരുവരും. ഷെഫീഖിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് ഈ കേസിൽ പുനരന്വേഷണം ആരംഭിച്ചു.
ആദ്യം ഈ മരണം ആത്മഹത്യയെന്ന നിഗമനത്തിലായിരുന്നു പൊലീസ് എത്തിച്ചേർന്നത്. പെണ്‍കുട്ടിക്ക് ശാരീരികമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മരുന്നുകള്‍ കഴിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചുവെങ്കിലും പ്രതി ആരാണെന്ന് കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള വാടക വീട്ടിലായിരുന്നു ഷെഫീഖും റഫീഖാ ബീവിയും അന്ന് താമസിച്ചിരുന്നത്.