Follow the FOURTH PILLAR LIVE channel on WhatsApp
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെ വധശിക്ഷയ്ക്കു വിധേയരായത് 175 പേർ. അതിൽ ഒരു സ്ത്രീ മാത്രമാണുള്ളത്. പാറശ്ശാല ഷാരോൺരാജ് കൊലക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രീഷ്മയുടെ ശിക്ഷ നടപ്പാവുകയാണെങ്കിൽ അതു ചരിത്രമാവും.
1947 സെപ്റ്റംബർ 9ന് ജബൽപുർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട രഘുരാജ് സിങ്ങാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്കു വിധേയനായ വ്യക്തി. കൊലപാതകമായിരുന്നു ഇയാളുടെ കുറ്റം. പട്ടികയിലെ അവസാന 3 പേർ ഡൽഹി നിർഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂർ, വിനയ് ശർമ്മ എന്നിവരാണ്. തിഹാർ ജയിലിൽ 2020 മാർച്ച് 20നാണ് ഇവരുടെ ശിക്ഷ നടപ്പായത്.
1955 ജനുവരി 3ന് തിഹാർ ജയിലിൽ തൂക്കിലേറ്റപ്പെട്ട രത്തൻബായി ജയിനാണ് സ്വതന്ത്ര ഇന്ത്യയിൽ വധശിക്ഷയ്ക്കു വിധേയയായ ഏക വനിത. 3 പെൺകുട്ടികളുടെ കൊലപാതകമായിരുന്നു ഇവരുടെ കുറ്റം. ഇതിനു ശേഷം പല സ്ത്രീകൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല.
കേരളത്തിൽ ഇതുവരെ 3 പേരെയാണ് വധശിക്ഷയ്ക്കു വിധേയമാക്കിയത്. 1979ൽ പൂജപ്പുര സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട അഴകേശനാണ് പട്ടികയിൽ ഒന്നാമൻ. ദുർമന്ത്രവാദത്തിൻ്റെ ഭാഗമായി കുട്ടികളെ കൊലപ്പെടുത്തിയതിനായിരുന്നു ശിക്ഷ. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചെയ്ത വി.ബാലകൃഷ്ണനെ 1990 മാർച്ച് 16ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തി നാടിനെ നടുക്കിയ റിപ്പർ ചന്ദ്രൻ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലൈ 6ന് കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.
ഗ്രീഷ്മയുടെ വധശിക്ഷ നടപ്പാവുകയാണെങ്കിൽ കേരളത്തിൽ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിതയാവും. വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി കൊലക്കേസിൽ കോവളം സ്വദേശി റഫീക്ക ബീവിയും വധശിക്ഷ നേരിടുന്നുണ്ട്. ഒരു വർഷം മുമ്പ് നെയ്യാറ്റിൻകര കോടതി തന്നെയാണ് റഫീക്ക ബീവിക്കും കൂട്ടുപ്രതികളായ റഫീക്കയുടെ മകൻ ഷഫീക്ക്, റഫീക്കയുടെ സുഹൃത്ത് അൽ അമീൻ എന്നിവർക്കും ശിക്ഷ വിധിച്ചത്. അതേ കോടതിയും അതേ ജഡ്ജിയുമാണ് ഷാരോൺ കേസും പരിഗണിച്ചത്.
























